കണ്ണൂര്‍: ഇടത് മുന്നണി അധികാരത്തില്‍ വരികയും അഴീക്കോട് മണ്ഡലത്തില്‍ എം വി നികേഷ്‌കുമാര്‍ വിജയക്കൊടി നാട്ടുകയും ചെയ്താല്‍ മന്ത്രിസ്ഥാനത്തേക്കും പരിഗണിച്ചേക്കും. എന്ത് വിലകൊടുത്തും കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ഡലം യുഡിഎഫില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് മണ്ഡലത്തിലെ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ സിപിഎം നേതൃത്വമാണ് ഇതുസംബന്ധമായ സൂചനകള്‍ നല്‍കിയത്.
നികേഷിന്റെ കഴിവുകള്‍ രാഷ്ട്രീയത്തില്‍ കന്നിക്കാരനാണെങ്കിലും ഇടത് ഭരണത്തില്‍ ഉപയോഗപ്പെടുത്തണമെന്ന നിലപാട് തന്നെയാണ് പാര്‍ട്ടി നേതൃത്വത്തിന്.പൊതുസമൂഹത്തിനിടയില്‍ മികച്ച പ്രതിഛായ ലക്ഷ്യമിട്ടാണ് ഈ നീക്കം. മാധ്യമ പ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയത് എന്നതിനാല്‍ നികേഷിന് വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ പോലും കഴിയില്ല.
മറുഭാഗത്ത് മത്സരിക്കുന്ന മുസ്ലിംലീഗിലെ കെ എം ഷാജി കഴിഞ്ഞ തവണ 493 വോട്ടുകള്‍ക്ക് മാത്രമാണ് വിജയിച്ചത് എന്നത് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണെങ്കിലും മികച്ച വാഗ്മിയും തീവ്രവാദത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് പോരുന്ന വ്യക്തിയുമായതിനാല്‍ മത്സരം വാശിയേറിയത് തന്നെയാണ്.മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് ഷാജിയുടെ തുറുപ്പ് ചീട്ട്.
നികേഷ്‌കുമാറിന് മാധ്യമപ്രവര്‍ത്തകന്‍ എന്നരൂപത്തില്‍ പൊതുസമൂഹത്തിലുള്ള സ്വീകാര്യത ഇത്തവണ ഇടതുപക്ഷത്തിന് മണ്ഡലം ലഭിക്കുമെന്നതിന്റെ ഉറപ്പാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ കണക്ക് കൂട്ടുന്നത്. പിതാവ് എം വി രാഘവന്റെ ഭരണകാലത്ത് നടന്ന കൂത്ത്പറമ്പ് വെടിവെയ്പ് പ്രചരണമാക്കി സിപിഎം അണികളില്‍ ആശയകുഴപ്പമുണ്ടാക്കാന്‍ നടത്തുന്ന നീക്കം വിലപ്പോവില്ലെന്ന നിലപാടിലാണ് അണികള്‍.
കൂത്ത്പറമ്പ് വെടിവെയ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനടക്കമുള്ളവരെ നികേഷിന് അനുകൂലമാക്കി അണിനിരത്തിയാണ് ആരോപണത്തെ സിപിഎം നേരിടുന്നത്. അച്ഛന്‍ മന്ത്രിയായിരുന്നപ്പോള്‍ നടന്ന സംഭവത്തെ മുന്‍നിര്‍ത്തി മകനെ വേട്ടയാടുവാന്‍ ശ്രമിക്കുന്നത് തോല്‍വി ഭയന്നാണെന്നാണ് ഇടത് പ്രചാരണം.കഴിഞ്ഞ തവണ സിപിഎം ലെ പ്രകാശന്‍ മാസ്റ്ററായിരുന്നു ഷാജിയുടെ എതിരാളി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍പ്പെട്ട അഴീക്കോട്, ചിറയ്ക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകള്‍ ഇടതുമുന്നണിയും യുഡിഎഫ് വളപട്ടണത്തുമാണ് വിജയം നേടിയിരുന്നത്. ഈ കണക്കില്‍ തന്നെയാണ് ഇടതിന്റെ വിജയപ്രതീക്ഷ.