ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് യു.എന്നില്‍ അമേരിക്ക

ന്യൂയോര്‍ക്ക്: ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ലോകത്തെ ആശങ്കയുടെ മുള്‍മുനയിലാക്കിയ ഉത്തര കൊറിയയ്‌ക്കെതിരെ അമേരിക്ക.

ഉത്തര കൊറിയ യുദ്ധം ഇരന്ന് വാങ്ങുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് യു.എന്‍ രക്ഷാസമിതി യോഗത്തില്‍ അമേരിക്കയുടെ പ്രതിനിധിയായ നിക്കി ഹാലെ കുറ്റപ്പെടുത്തി.

ഉത്തരകൊറിയയ്ക്ക് എതിരെ സാദ്ധ്യമായ ഏറ്റവും കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നയതന്ത്രതലത്തില്‍ ഉത്തരകൊറിയയെ നേരിടാനുള്ള ശ്രമങ്ങള്‍ ഇനി തുടര്‍ന്നിട്ട് കാര്യമില്ല. സംഭവിച്ചത് തന്നെ ധാരാളമാണ്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, യുദ്ധം യാചിച്ച് വാങ്ങുകയാണ് ഉത്തര കൊറിയ ചെയ്യുന്നത്. ക്ഷമയ്ക്ക് അതിരുണ്ടെന്ന കാര്യം അവര്‍ മറക്കരുത്. സര്‍വസീമകളും ലംഘിച്ച് ഉത്തരകൊറിയ നടത്തിയ അണുപരീക്ഷണം സമാധാനത്തിന് ഭീഷണിയാണ്. കൊറിയയ്‌ക്കെതിരെ ശക്തമായ നടപടി എടുത്തേ മതിയാവൂവെന്നും രക്ഷാസമിതിയില്‍ നിക്കി ആവശ്യപ്പെട്ടു.

ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ വീണ്ടും പുതിയ പരീക്ഷണങ്ങള്‍ക്കു കോപ്പുകൂട്ടുകയാണെന്നും നിക്കി ആരോപിച്ചു.

Top