മദുറോ സ്ഥാനമൊഴിയണം; വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം

വെനസ്വേല: പ്രസിഡന്റ് നിക്കോളാസ് മദുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വെനസ്വേലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. സ്വയം പ്രഖ്യാപിത പ്രസിഡന്റ് ജ്വാന്‍ ഗെയ്‌ദോയുടെ ആഹ്വാനപ്രകാരമാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ഏറ്റുമുട്ടലില്‍ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

മദൂറോ സ്ഥാനമൊഴിയും വരെ സമരം തുടരുമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ആയിരകണക്കിന് ആളുകള്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തു. ചൊവ്വാഴ്ച നടന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ബുധനാഴ്ചയും ജനങ്ങള്‍ തെരുവിലിറങ്ങിയത്. വാഹനങ്ങള്‍ തടഞ്ഞും ടയറുകള്‍ കത്തിച്ചും മുന്നേറിയ പ്രക്ഷോഭകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെയാണ് അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.

നിക്കോളാസ് മദുറോ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭത്തിന്‌ പതിയെ ആഭ്യന്തരകലാപത്തിന്റെ രൂപം കൈവരികയായിരുന്നു. ഭരണ അട്ടിമറിക്കുള്ള ഗെയ്‌ദോയുടെ ശ്രമം പരാജയപ്പെടുത്തിയെന്ന് പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനുവരിയിലാണ് ഗെയ്‌ദോ വെനസ്വേലന്‍ പ്രസിഡന്റായി സ്വയം പ്രഖ്യാപനം നടത്തുന്നത്. ഇതിന് അമേരിക്കയും ബ്രിട്ടണും ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്.

Top