പത്തനംതിട്ട: നിലയ്ക്കലില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയെ പൊലീസ് തടഞ്ഞു. പമ്പയിലേക്ക് പോകാന്‍ എത്തിയപ്പോഴാണ് ഇവരെ പൊലീസ് തടഞ്ഞത്.
ശബരിമലയില്‍ യുവതി പ്രവേശനത്തിന് രഹസ്യ നീക്കമെന്ന് ശശികല ആരോപിച്ചു. എരുമേലിയിലും നിലയ്ക്കലിലും എന്തു പ്രശ്‌നമുണ്ടായിട്ടാണ് തീര്‍ഥാടകരെ പൊലീസ് തടയുന്നതെന്നും ശശികല ചോദിച്ചു.
അതേസമയം ശബരിമല സന്നിധാനത്ത് തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികളിലേക്ക് പോകുവാന്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. നിരോധനാജ്ഞയുടെ പേരിലാണ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. സന്നിധാനത്ത് മൊബൈല്‍ ജാമര്‍ സ്ഥാപിച്ചതായും സൂചനയുണ്ട്. ഇന്ന് രാവിലെയാണ് മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചത്.
അതേസമയം, ചിത്തിര ആട്ടത്തിരുന്നാളിനോട് അനുബന്ധിച്ച് പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ശബരിമലയിലേക്ക് എത്തിയ തീര്‍ഥാടകരെ കടത്തിവിടാത്തതില്‍ പ്രതിഷേധം ശക്തമായതോടെ രണ്ടു വാഹനങ്ങള്‍ വീതം കടത്തിവിടാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചിത ഇടവേളകളില്‍ സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണു കടത്തിവിടുന്നതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
നിലയ്ക്കല്‍ വരെയാകും വാഹങ്ങള്‍ കടത്തി വിടുന്നത്. എരുമേലി, പത്തനംതിട്ട, വടശ്ശേരിക്കര, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് തീര്‍ഥാടകരെ തടഞ്ഞിരുന്നത്.