നിലമ്പൂരില്‍ ആദിവാസികള്‍ ദുരിതത്തില്‍, ഇടപെടാന്‍ മാവോയിസ്റ്റുകളും എത്തി . . .

രുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട വനത്തിനുള്ളിലെ ആദിവാസി കോളനികളില്‍ വിവരം തിരക്കാന്‍ മാവോയിസ്റ്റുകളെത്തിയിട്ടും സര്‍ക്കാര്‍ സംവിധാനം ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഉരുള്‍പൊട്ടലില്‍ 61 ജീവന്‍ നഷ്ടമായ നിലമ്പൂരില്‍ നിന്നാണ് ആദിവാസികളുടെ ദുരിത ജീവിതം പുറത്തുവരുന്നത്. കവളപ്പാറയില്‍ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ഒരുമലയുടെ മാത്രം അകലത്തിലുള്ള പോത്തുകല്‍ മുണ്ടേരി ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ കോളനികളിലെ 110 കുടുംബങ്ങളാണ് നടപ്പാലവും വീടുകളും തകര്‍ന്ന് ഇപ്പോഴും ഒറ്റപ്പെട്ടുകഴിയുന്നത്.

ഉരുള്‍പൊട്ടിയെത്തിയ മലവെള്ളപാച്ചിലിലാണ് ചാലിയാറിന് കുറുകെ കോളനികളിലേക്കുള്ള നടപ്പാലം തകര്‍ന്നിരുന്നത്. ചാലിയാറും വാണിയംപുഴയും ഗതിമാറി ഒഴുകി കോളനിക്കാരുടെ വീടുകളും തകര്‍ത്തു. കുത്തിയൊഴുക്കുള്ള ചാലിയാറിന് കുറുകെ ഇവിടുത്തെ ചെറുപ്പക്കാര്‍ തുഴയുന്ന ചങ്ങാടം മാത്രമാണ് പുറംലോകത്തെ ബന്ധിപ്പിക്കാനുള്ളത്. ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ചക്കകം തന്നെ മലയാളിയായ വയനാട് സോമന്‍, വിക്രം ഗൗഡ, ഉണ്ണിമായ അടക്കം നാലുപേരടങ്ങുന്ന സായുധ മാവോയിസ്റ്റ് സംഘമാണ് കോളനികളിലെത്തിയിരുന്നത്.

മലമുകളിലെ തടയണകളും ക്വാറികളുമാണ് ഉരുള്‍പൊട്ടലുണ്ടാക്കുന്നതെന്നും പുഴയുടെ സമീപത്തു നിന്നും മാറി താമസിക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മാഫിയകളും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് നടത്തുന്ന പ്രകൃതി ചൂഷണത്തിന്റെ ഇരകള്‍ ആദിവാസികളടക്കമുള്ള പാവങ്ങളാണെന്നും മാവോയിസ്റ്റുകള്‍ വിശദീകരിച്ചു. പിന്നീട് കോളനിയില്‍ നിന്നും ഭക്ഷണവും കഴിച്ച ശേഷമാണ് മാവോയിസ്റ്റ് സംഘം മടങ്ങിയത്. മാവോയിസ്റ്റുകള്‍ വന്ന ഉടനെ പോലീസില്‍ വിവരമറിയിക്കാറുള്ള ആദിവാസികള്‍ ഇത്തവണ ഇക്കാര്യം പറഞ്ഞത് തന്നെ ആഴ്ചകള്‍ക്കു ശേഷമായിരുന്നു. ഇത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

പ്രളയം കഴിഞ്ഞ് ഒന്നരമാസമാകുമ്പോളും ഇതുവരെ ഐ.ടി.ഡി.പിയുടെയോ റവന്യൂ വകുപ്പിന്റെയോ ഒരു ഉദ്യോഗസ്ഥന്‍പോലും ഈ കോളനികളില്‍ എത്തിനോക്കിയിട്ടില്ല. നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള പരിശോധനക്കും ആരുമെത്തിയിട്ടില്ല. വാണിയമ്പുഴയും ചാലിയാറും ഗതിമാറിയൊഴുകി ആറു വീടുകളും കൃഷി സ്ഥലവുമാണ് നശിച്ചിരുന്നത്. വാണിയമ്പുഴ കോളനിക്കാര്‍ ഒന്നര കിലോമീറ്ററോളം ഉള്‍വനത്തില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ ഷെഡുകളിലാണ് താമസിച്ചുവരുന്നത്.

36 കുടുംബങ്ങളാണ് ഇത്തരത്തില്‍ ആന ഭീഷണിയുള്ള ഉള്‍ക്കാട്ടിലേക്ക് കയറിയിരിക്കുന്നത്. മണ്ണടിഞ്ഞ് ഇവരുടെ പലരുടെയും വീടുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞു. ചെളിനീക്കി വീടുവൃത്തിയാക്കുന്ന ഒരു സംഘവും ഈ കോളനികളിലേക്ക് എത്തിനോക്കുകപോലും ചെയ്തിട്ടില്ല. എട്ടു കിലോമീറ്ററോളം ഉള്‍വനത്തിലുള്ള കുമ്പളപ്പാറ കോളനിക്കാരുമിപ്പോള്‍ കടുത്ത ദുരിതത്തിലാണ്.

പ്രളയത്തിനിരയായവര്‍ക്ക് സഹായങ്ങള്‍ ഒഴുകിയെത്തിയപ്പോഴും കാര്യമായൊന്നും കാടിന്റെ മക്കള്‍ക്ക് ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടങ്ങളുണ്ടായത് ഇവിടുത്തെ ആദിവാസികള്‍ക്കാണ്. നടപ്പാലങ്ങള്‍ തകര്‍ന്ന് ആദിവാസി ഊരുകള്‍ മിക്കതും നാടുമായി ബന്ധപ്പെടാന്‍ വഴിയില്ലാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. കോളനികളിലെ കുട്ടികള്‍ പലരുടെയും പഠനവും നിലച്ചുകഴിഞ്ഞു.

ഏഷ്യയിലെ അവശേഷിക്കുന്ന ഗുഹാമനുഷ്യരായ ചോലനായ്ക്കര്‍ താമസിക്കുന്ന മാഞ്ചീരി കോളനിയില്‍ മൂന്നു വീടുകളാണ് തകര്‍ന്നത്. ഇവിടെ പാണപ്പുഴ, കരിമ്പുഴ പാലങ്ങള്‍ തകര്‍ന്നിട്ടുണ്ട്. വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയില്‍ 65 കുടുംബത്തിനും പുതുതായി വീടുകള്‍ അനിവാര്യമാണ്. ആനമറി പാലവും പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ് കോളനിയില്‍ നാലു വീടുകളാണ് തകര്‍ന്നിരിക്കുന്നത്. ഉരുള്‍പൊട്ടല്‍സാധ്യത ഉള്ളതിനാല്‍ ഇവര്‍ക്ക് മറ്റ് സ്ഥലങ്ങള്‍ കണ്ടെത്തി വേണം വീട് നിര്‍മ്മാണം. 68 കുടുംബങ്ങളാണ് ഈ കോളനിയിലുള്ളത്.

നെടുങ്കയം കോളനിയില്‍ മൂന്ന് വീടുകളാണ് തകര്‍ന്നത്. മൂത്തേടം പൂളക്കപ്പാറ കോളനിയില്‍ 9 വീടുകളും തകര്‍ന്നു. ഇവിടെയും വീടുകള്‍ നഷ്ടപ്പെട്ടവരെയും അപകടാവസ്ഥയിലുള്ള ഊരുകളിലുള്ളവരെയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. ആദിവാസി സമൂഹം വാടകവീടുകളിലേക്ക് മാറാന്‍ തയ്യാറാവാത്തതിനാല്‍ ഇവര്‍ക്ക് താല്‍ക്കാലിക താമസസംവിധാനമാണ് ഒരുക്കേണ്ടത്. വനത്തിനോട് ചേര്‍ന്ന് ജീവിക്കുന്ന ഇവരുടെ സാമൂഹ്യസാഹചര്യത്തിനും പൈതൃകസവിശേഷതകള്‍ക്കും അനുസരിച്ചുള്ള സ്ഥലത്തേക്കാവണം പുനരധിവസിപ്പിക്കേണ്ടത്. എന്നാല്‍ ഇതിനാവശ്യമായ ഒരു നീക്കവും അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം ആദിവാസി സമൂഹം നേരിടുന്ന കടുത്ത അവഗണനയും ദുരിതവും മാവോയിസ്റ്റുകള്‍ മുതലെടുക്കുമെന്ന ആശങ്കയിലാണ് പോലീസ്. പ്രളയദുരിതത്തിലായ ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് സംഘങ്ങളെത്തിയതും തങ്ങളുടെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതും ഗൗരവത്തോടെയാണ് ഇന്റലിജന്‍സ് ഏജന്‍സികളും കാണുന്നത്. 2016 നവംബര്‍ 24നാണ് കരുളായി ഉള്‍വനത്തില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്. നിലമ്പൂര്‍ വെടിവെപ്പിനു ശേഷം ഉള്‍വലിഞ്ഞ മാവോയിസ്റ്റ് സംഘമിപ്പോള്‍ കൂടുതല്‍ ശക്തമായി മേഖലയില്‍ തിരിച്ചെത്തിയെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന വിവരം.

സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയുടെ കീഴില്‍ വിവിധ ദളങ്ങളായാണ് കേരളത്തില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. എളുപ്പത്തില്‍ തമിഴ്നാട്ടിലേക്കും വയനാട്ടിലേക്കും സൈലന്റ് വാലിയിലൂടെ പാലക്കാടേക്കും കടക്കാമെന്നതാണ് നിലമ്പൂര്‍ വനമേഖല മാവോയിസ്റ്റുകളുടെ താവളമാകാന്‍ കാരണം. കേരള, തമിഴ്നാട്, കര്‍ണാടക വനമേഖലകള്‍ സംഗമിക്കുന്ന ട്രൈ ജംങ്ഷനായിരുന്നു നേരത്തെ മാവോയിസ്റ്റുകള്‍ ബേസ് ക്യാമ്പാക്കി മാറ്റിയിരുന്നത്. കുപ്പുദേവരാജിന്റെയും അജിതയുടെയും ജീവന് പകരം ചോദിക്കുമെന്ന് മാവോയിസ്റ്റുകള്‍ നേരത്തെ തന്നെ ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാവോയിസ്റ്റ് ഓപ്പറേഷനില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരവകുപ്പ് പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രളയദുരന്തത്തിനു പിന്നാലെ പ്രകൃതിയെ ചൂഷണം ചെയ്ത് ദുരന്തങ്ങള്‍ക്കിടയാക്കിയവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ ധൈര്യപ്പെടണമെന്നാവശ്യപ്പെട്ട് സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതി വക്താവ് അജിതയുടെ പേരില്‍ വയനാട് പ്രസ് ക്ലബില്‍ മാവോയിസ്റ്റുകളുടെ പത്രക്കുറിപ്പുതന്നെ എത്തിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും പരിസ്ഥിതിലോല പ്രദേശങ്ങളിലെ ക്വാറികളും റിസോര്‍ട്ടുകളും ജലസംഭരണികളുമാണ് പുത്തുമലയിലെയും കവളപ്പാറയിലെയും ഉരുള്‍പൊട്ടലുകള്‍ക്ക് പിന്നിലെന്നുമാണ് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നത്.

കുന്നുകളും മലകളും ഇടിച്ചുനിരത്തി നീന്തല്‍ക്കുളങ്ങളും ആഡംഭര വസതികളും നിര്‍മ്മിച്ച് സമ്പന്നര്‍ക്ക് സുഖവാസമൊരുക്കുന്നതിനെയും രൂക്ഷമായാണ് മാവോയിസ്റ്റുകള്‍ വിമര്‍ശിച്ചിരിക്കുന്നത്. പ്രളയബാധിത ആദിവാസി കോളനികളിലെ മാവോയിസ്റ്റ് സംഘത്തിന്റെ സന്ദര്‍ശനവും പ്രളയത്തെക്കുറിച്ചുള്ള നിലപാടും പത്രക്കുറിപ്പുമെല്ലാം കേരളത്തില്‍ മാവോയിസ്റ്റുകളുടെ സംഘടനാപ്രവര്‍ത്തനം സജീവമാണെന്ന സന്ദേശമാണ് നല്‍കുന്നത്.

സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് പ്രളയദുരിത്തിലായ ആദിവാസി കോളനികളില്‍ സഹായമെത്തിച്ചില്ലെങ്കില്‍ അത് മാവോയിസ്റ്റുകളുടെ വളര്‍ച്ചക്കായിരിക്കും ഇനി വഴിയൊരുക്കുക.

STAFF REPORTER

Top