നിലമ്പൂര്‍: സി.പി.ഐ മാവോയിസ്റ്റ് സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ രൂപേഷിന്റെ അറസ്റ്റ് പോരാട്ടവീര്യം തളര്‍ത്തിയിട്ടില്ലെന്നു തെളിയിക്കാനാണ് മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ വനം വകുപ്പ് ഔട്ട് പോസ്റ്റുകള്‍ ആക്രമിച്ചു തീയിട്ടതെന്ന് പൊലീസ് നിഗമനം.
കബനീദളത്തിന് നേതൃത്വം നല്‍കിയ രൂപേഷിന്റെ അറസ്റ്റും അട്ടപ്പാടിയില്‍ പൊലീസുമായുണ്ടായ വെടിവെപ്പും പോരാട്ടത്തിന് മങ്ങലേല്‍പ്പിച്ചില്ലെന്നു തെളിയിക്കുക കൂടിയാണ് നിലമ്പൂര്‍ ആക്രമണത്തിന്റെ ലക്ഷ്യം. രൂപേഷിന്റെ അറസ്റ്റോടെ ഏതാണ്ട് നിശ്ചലമായ കബനീ ദളത്തിന്റെ മേഖലയില്‍ അക്രമം നടത്തി ശക്തിതെളിയിക്കുകയാണ് അഗളി കേന്ദ്രമാക്കിയ ഭവാനി ദളം.
കഴിഞ്ഞ എട്ടുമാസത്തോളമായി നിലമ്പൂര്‍ വനമേഖലയില്‍ പ്രത്യക്ഷപ്പെടാത്ത മാവോയിസ്റ്റുകള്‍ പൊലീസിനും ഭരണകൂടത്തിനും വ്യക്തമായ സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൈലന്റ് വാലി വഴി അട്ടപ്പാടിയില്‍ നിന്നും കരുവാരക്കുണ്ട് വഴി നിലമ്പൂരിലെത്തിയത്.
പശ്ചിമഘട്ട കമാന്‍ഡര്‍ മല്ലരാജ വേണുഗോപാല റാവു വിനു കീഴിലുള്ള ഭവാനി ദളമാണ് ആക്രമണം നടത്തിയത്. പെട്ടെന്ന് വനം വകുപ്പ് ഔട്ട് പോസ്റ്റ് ആക്രമിച്ച് തീയിട്ട് വനത്തിലേക്കു രക്ഷപ്പെടുക എന്ന തന്ത്രമാണ് മാവോയിസ്റ്റുകള്‍ സ്വീകരിച്ചത്. ഒക്ടോബറില്‍ അട്ടപ്പാടി കടുകുമണ്ണ വനത്തില്‍ പൊലീസിനു നേരെ നിറയൊഴിച്ച മാവോയിസ്റ്റ് സംഘത്തിലെ പീപ്പിള്‍സ് ഗറില്ല ലിബറേഷന്‍ ആര്‍മി സബ് കമാന്‍ഡര്‍ സുന്ദരി, വയനാട് സോമന്‍ അടക്കമുള്ളവര്‍ തന്നെയാണ് നിലമ്പൂരും ആക്രമണത്തിനു നേതൃത്വം നല്‍കിയത്.
അട്ടപ്പാടിയില്‍ പൊലീസ് വെടിവെപ്പ് നേരിടാനാവാതെ കാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു മാവോയിസ്റ്റുകള്‍. രൂപേഷിന്റെ അറസ്റ്റിനു ശേഷം രൂപേഷിനേയും കൂട്ടരെയും അറസ്റ്റുചെയ്തതുകൊണ്ട് പോരാട്ടം അവസാനിക്കില്ലെന്നും ലക്ഷ്യത്തിലെത്തിയശേഷമേ പിന്‍വാങ്ങൂ എന്നും കബനീദളം വക്താവ് മന്ദാകിനിയുടെ പേരില്‍ മാവോയിസ്റ്റ് ലഘുലേഖ പുറത്തിറങ്ങിയിരുന്നു.
കണ്ണൂരിലും വയനാട്ടിലും എറണാകുളത്തും അക്രമം നടത്തിയ മാവോയിസ്റ്റുകള്‍ അട്ടപ്പാടിയിലേക്കു പിന്‍വാങ്ങിയ ശേഷം ഇപ്പോള്‍ നിലമ്പൂരില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇന്നലെ നിലമ്പൂരില്‍ മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഇന്റലിജന്‍സ് എസ്.പി വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പോരാട്ടവീര്യം തളര്‍ന്നില്ലെന്നു തെളിയിക്കാനുള്ള ശ്രമമാണ് നിലമ്പൂര്‍ ആക്രമണമെന്ന വിലയിരുത്തലാണുണ്ടായത്.