Nilambur maoist attack; crime branch inquiry

മലപ്പുറം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന എസ്പി ശശിധരനും ഡിവൈഎസ്പി ബിജു ഭാസ്‌കറും വനമേഖലയില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുമായി അന്വേഷണസംഘം കൂടിക്കാഴ്ച നടത്തി.

അതേസമയം ആദ്യം വെടിവച്ചതു മാവോയിസ്റ്റുകള്‍ ആണെന്നതിന് തെളിവായി എകെ 47 തോക്കിന്റെ വെടിയുണ്ടയുടെ രണ്ട് കേസുകളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഒപ്പം മാവോയിസ്റ്റുകള്‍ ബേസ് ക്യംപിന്റെ ഭാഗമായി പതാക ഉയര്‍ത്തുന്നതിന്റെ മുന്‍കാല ചിത്രങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ സിഡിആര്‍ഒ വസ്തുതാന്വേഷണം നടത്തുമെന്നു നേതൃത്വം അറിയിച്ചു.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവിധ മനുഷ്യാവകാശ സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ ഭാരവാഹികള്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top