മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുപാടം റീഗള്‍ എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തതിന്റെ അലയൊലികള്‍ അടങ്ങും മുമ്പെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരനെ തട്ടികൊണ്ടുപോയതിന് എം.എല്‍.എയുടെ സഹോദരനു സംഘവും പ്രതികളായത് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്നു.
റീഗല്‍ എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ഇടതുപക്ഷത്തെ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസാണ് നേരത്തെ കേസെടുത്തിരുന്നത്. എസ്.ഐക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് എം.എല്‍.എ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തവകുപ്പും സമരഭീഷണി തള്ളിക്കളയുകയായിരുന്നു. കേസെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും എസ്.ഐക്കെതിരെ യാതൊരുനടപടിയുമുണ്ടായില്ല. സമരത്തില്‍ നിന്ന് എം.എല്‍.എ സ്വയം പിന്‍വാങ്ങുകയും ചെയ്തു.
50 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വത്ത് തര്‍ക്കക്കേസില്‍ മധ്യസ്ഥനായെത്തി സര്‍ക്കാര്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് രേഖകളില്‍ വിരലടയാളം പതിപ്പിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്ന പരാതിയിലാണ് ഇപ്പോള്‍ എം.എല്‍.എയുടെ സഹോദരന്‍ അടക്കം നാലു പേര്‍ക്കെതിരെ നിലമ്പൂര്‍ പോലീസ് കേസെടുത്തത്.
സഹകരണവകുപ്പില്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടറായ അത്തിമണ്ണില്‍ അബ്ദുല്‍ അസീസിനെയാണ് പള്ളിയില്‍ നിന്നും വിളിച്ചിറക്കി ജീപ്പില്‍ തട്ടികൊണ്ടുപോയത്.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ സഹോദരന്‍ ഒതായി പി.വി മുഹമ്മദ് റാഫി, അസീസിന്റെ സഹോദരന്‍ അബ്ദുല്‍സലാം, റാഫിയുടെ സഹായികളായ മുഹമ്മദാലി, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സ്വത്തു തര്‍ക്കത്തില്‍ വീടുപൊളിച്ചതിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എയോട് അസീസ് പരാതി പറഞ്ഞതോടെയാണ് എം.എല്‍.എയുടെ സഹോദരന്‍ റാഫി മധ്യസ്ഥനായെത്തിയത്. എം.എല്‍.എ പറഞ്ഞതാണെന്ന് പറഞ്ഞ് സ്വത്ത് വീതംവെച്ചു നല്‍കാന്‍ അധികാരപ്പെടുത്തി ഒപ്പിട്ടു നല്‍കണമെന്നാവശ്യപ്പെടുകയും ഇതിനു വഴങ്ങാതായതോടെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ബലപ്രയോഗത്തിലൂടെ വിരല്‍ മുദ്ര പതിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
50 കോടിയിലേറെ വരുന്ന സ്വത്തുക്കളില്‍ 15 കോടിയിലേറെ വിലവരുന്ന ജില്ലാ ആശുപത്രിക്ക് സമീപം വീടു നിന്ന 1.22 ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും പൂക്കോട്ടുംപാടത്തെ 10 ഏക്കര്‍ ഭൂമിയും വീതംവെക്കാതെയായിരുന്നു അവ തട്ടിയെടുക്കാന്‍ റാഫിയുടെയും സംഘത്തിന്റെയും ശ്രമമെന്നാണ് ആരോപണം.
ക്രിസ്മസ് ദിവസം വൈകുന്നേരം നാലരയോടെയാണ് നിലമ്പൂര്‍ ടൗണ്‍ മസ്ജിദില്‍ വിശ്രമിക്കുകയായിരുന്ന അസീസിനെ സഹോദരന്‍ അബ്ദുസലാമും മുഹമ്മദ് റാഫിയുടെ സഹായി ബ്രോക്കര്‍ മുഹമ്മദലിയും ചര്‍ച്ചക്കായി റാഫി വന്നിട്ടുണ്ടെന്നു പറഞ്ഞ് വിളിച്ചത്. ചര്‍ച്ചക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇവര്‍ പള്ളിയില്‍ ഉച്ചത്തില്‍ സംസാരിച്ചു. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകേണ്ടെന്നു പറഞ്ഞ് റാഫിയുടെ ജീപ്പിനടുത്തേക്ക് ചെന്ന അസീസിനെ സംസാരത്തിനിടെ ജീപ്പിന്റെ പിന്നിലേക്ക് തള്ളിയിട്ട് തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പരാതിയില്‍ ചൂണ്ടികാണിക്കുന്നത്.
റാഫിയും അബ്ദുല്‍ സലാമും ജീപ്പിന്റെ പിന്നില്‍ കാലു നീട്ടി ബലംപ്രയോഗിച്ച് പിടിച്ചിരുത്തി. വാഹനം പാണ്ടിക്കാട് ടൗണിലെത്തിയപ്പോള്‍ പുറത്തേക്ക് തലയിട്ട് എന്നെ തട്ടികൊണ്ടുപോകുന്നു രക്ഷിക്കണമെന്ന് അസീസ് നിലവിളിച്ചു. ചിലര്‍ ശ്രദ്ധിച്ചപ്പോള്‍ ഭ്രാന്തനെ കൊണ്ടുപോവുകയാണെന്ന ചിരിച്ചുകൊണ്ട് റാഫി വിളിച്ചുപറഞ്ഞു. പിന്നീട് സീറ്റിനടിയിലേക്ക് വലിച്ചിടുകയും പുറത്തിടിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്യുകയായിരുന്നുവത്രേ.
പാണ്ടിക്കാട് തമ്പാനങ്ങാടിയിലുള്ള സലാമിന്റെ വീട്ടിലെത്തിച്ച് ബലംപ്രയോഗിച്ച് ജീപ്പില്‍ നിന്നും വലിച്ചിറക്കി വീടിനകത്തെ മുറിയില്‍ കൊണ്ടുപോയിപൂട്ടിയിട്ടു. പോക്കറ്റില്‍ നിന്നും പേഴ്‌സടക്കം റാഫി പിടിച്ചുവാങ്ങി മര്‍ദ്ദിച്ചതായും പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
‘സ്വത്ത് ഭാഗം വെക്കാന്‍ റാഫിയെ ചുമതലപ്പെടുത്തി എല്ലാവരും ഒപ്പിട്ടിട്ടും നിനക്കെന്താ ഒപ്പിട്ടാല്‍’ എന്നു പറഞ്ഞായിരുന്നുവത്രേ മര്‍ദ്ദനം .
ഒപ്പിടില്ലെന്നു തീര്‍ത്തു പറഞ്ഞതോടെ ബലം പ്രയോഗിച്ച് റാഫിയും സലാമും മുഹമ്മദലിയും കൈപിന്നോട്ട് തിരിച്ച് വേദനിപ്പിച്ച് അസീസിന്റെ തള്ളവിരലില്‍ മഷിവെച്ച് മുദ്രക്കടലാസില്‍ വിരലടയാളം പതിപ്പിക്കുകയും. പിന്നീട് മുറിപൂട്ടി അവര്‍ പുറത്തുപോയപ്പോള്‍ അസീസ് ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിക്കുകയായിരുന്നുവെന്നുമാണ് വെളിപ്പെടുത്തല്‍.
ഇതിനിടെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ച വിവരം അന്വേഷിച്ച് ഫോണ്‍ വിളികള്‍ എത്തിയതോടെ സംഘം പരിഭ്രാന്തരാവുകയും പിന്നീട് പുലര്‍ച്ചെ ഒരുമണിയോടെ അസീസിനെ ഇറക്കിവിടുകയുമായിരുന്നു.
തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ അസീസ് നേരിട്ട് പോലീസ് സ്‌റ്റേഷനിലെത്തി എസ്.ഐക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിക്കു പരാതി നല്‍കിയതോടെയാണ് ഒമ്പതു ദിവസത്തിനു ശേഷം കേസെടുത്തത്.