Nilambur MLA PV Anwar withdraw his strike against Police Officer

മലപ്പുറം: സി.പി.എം സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയതോടെ പൊലീസ് സ്‌റ്റേഷനു മുന്നിലെ സമരപ്രഖ്യാപനം പിന്‍വലിച്ച് നിലമ്പൂരിലെ ഇടതുസ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍.

പൂക്കോട്ടുംപാടം പാട്ടക്കരിമ്പിലെ റീഗള്‍ എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തന്നെ ഒന്നാം പ്രതിയാക്കി കേസെടുത്ത സംഭവത്തില്‍ മൂന്നു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ആഗസ്റ്റ് 30ന് വാര്‍ത്താസമ്മേളനം നടത്തിയാണ് എം.എല്‍.എ പ്രഖ്യാപിച്ചത്.

വാര്‍ത്താ സമ്മേളനത്തില്‍ സമരകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന നിലപാടാണ് ഏരിയാ സെക്രട്ടറി പത്മാക്ഷന്‍ സ്വീകരിച്ചിരുന്നത്. എം.എല്‍.എക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ഏരിയാ സെക്രട്ടറി പ്രശ്‌നത്തില്‍ ന്യായമായ തീരുമാനം ഉണ്ടാകണമെന്നതാണ് സി.പി.എമ്മിന്റെ നിലപാടെന്നും വ്യക്തമാക്കിയിരുന്നു.

കേസെടുത്ത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയോ സ്ഥലം മാറ്റുകയോ വേണമെന്ന കടുത്ത നിലപാടാണ് എം.എല്‍.എ സ്വീകരിച്ചത്. എന്നാല്‍ നിയമപ്രകാരമായ നടപടിയാണ് എസ്.ഐ സ്വീകരിച്ചതെന്ന നിലപാടായിരുന്നു ആഭ്യന്തരവകുപ്പിന്. എം.എല്‍.എ പ്രതിയായ കേസില്‍ കേസെടുക്കുന്നതിന് മുമ്പ് എം.എല്‍.എയോട് അഭിപ്രായം ചോദിക്കേണ്ട കാര്യമില്ലെന്നും ആഭ്യന്തരവകുപ്പ് നിലപാടെടുത്തു.

പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാതെ ഇടതു സ്വതന്ത്രനായ എം.എല്‍.എ സ്വന്തം നിലക്ക് സ്വത്തുതര്‍ക്കകേസുകളില്‍ ഇടപെട്ടതില്‍ കടുത്ത അതൃപ്തിയാണ് സി.പി.എം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കുള്ളത്. പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പൊലീസ് സ്‌റ്റേഷനുമുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.

ഇതോടെയാണ് എസ്‌റ്റേറ്റ് തട്ടിയെടുക്കുന്നതായി എം.എല്‍.എക്കെതിരായി ഉയര്‍ന്ന പരാതിയില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്ന നിലപാടെടുത്തത്. സിവില്‍ സ്വത്തുതര്‍ക്കം നിയമാനുസൃതമായി പരിഹരിക്കുകയോ കോടതിയുടെ തീര്‍പ്പിനു വിടുകയോ ചെയ്താല്‍ മതിയെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.

സ്റ്റേറ്റ് പ്രശ്‌നത്തില്‍ സി.പി.എം പൂക്കോട്ടുംപാടം ലോക്കല്‍ കമ്മിറ്റിയും എം.എല്‍.എയെ പിന്തുണക്കാനെത്തിയിരുന്നില്ല. പാര്‍ട്ടി അറിയാതെയാണ് പ്രശ്‌നങ്ങളുണ്ടായത് എന്നതാണ് പ്രാദേശിക നേതൃത്വത്തിന്റെ അതൃപ്തിക്കു കാരണം. എം.എല്‍.എക്കൊപ്പം കേസില്‍പെട്ടവരില്‍ സി.പി.എം പ്രവര്‍ത്തകരുമില്ല.

നേരത്തെ കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പിലുണ്ടായിരുന്ന സംഘമാണ് പ്രതികളായത്. സി.പി.എം ലോക്കല്‍ നേതൃത്വത്തെപോലും അറിയിക്കാതെയാണ് എം.എല്‍.എയും സംഘവും പ്രശ്‌നത്തില്‍ ഇടപെട്ടത്. എം.എല്‍.എക്ക് ഇക്കാര്യത്തില്‍ തുണയായി നിന്നത് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നേതാവാണ്.

നേരത്തെ പൂക്കോട്ടുംപാടത്തെ കോണ്‍ഗ്രസ് നേതാവ് സംരക്ഷിച്ച ഗുണ്ടാ സംഘത്തെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊലീസ് അടിച്ചമര്‍ത്തിയിരുന്നു. ഇവര്‍ എം.എല്‍.എയുടെ തണലില്‍ തലപൊക്കുന്നതില്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരം തര്‍ക്കങ്ങളില്‍ ഇടപെടുമ്പോള്‍ സ്വന്തം നിലക്ക് എം.എല്‍.എ തീരുമാനമെടുക്കേണ്ടെന്നും പാര്‍ട്ടി പ്രാദേശിക ഘടകങ്ങളുടെയും നേതാക്കളുടെയും നിലപാടുകൂടി കണക്കിലെടുത്തുവേണം ഇടപെടേണ്ടതെന്ന സന്ദേശം കൂടി നേതൃത്വം എം.എല്‍.എക്കു നല്‍കിയിട്ടുണ്ട്.

Top