നിലമ്പൂര്‍: അച്ഛന്‍ ഉറങ്ങാത്ത കൂരയില്‍ നിന്നും കുഞ്ഞന്‍ കുടുംബത്തോടൊപ്പം പൊലീസ് ഒരുക്കിയ സ്‌നേഹവീടിന്റെ തണലിലേക്ക്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം ഒരു കൂരയില്‍ ഒന്നിച്ചുകഴിയാനുള്ള സ്ഥലമില്ലാത്തിനാല്‍ ആറു പെണ്‍മക്കളെ അുത്ത വീടുകളിലേക്ക അന്തിയുറങ്ങാന്‍ അയക്കേണ്ടിവന്ന ദുരിതമായിരുന്നു പൂക്കോട്ടുംപാടം ടി.കെ കോളനിയിലെ നറുക്കില്‍ കുഞ്ഞന്.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ മഴയും വെയിലും കൊള്ളുന്ന ഷെഡില്‍ ഭാര്യ കാര്‍ത്യായനിക്കൊപ്പം വേദന തിന്നു കഴിഞ്ഞ കുഞ്ഞന് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.
നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യയില്‍ നിന്നും വീടിന്റെ ചാവി ഏറ്റുവാങ്ങി. മക്കളെയും ഭാര്യയെയും മാറോടു ചേര്‍ത്ത് പുതിയ വീട്ടിലേക്ക് വലതുകാല്‍വച്ചു കയറി. കുഞ്ഞന്റെ ഭാര്യ കാര്‍ത്യായനിക്കൊപ്പം പാലു കാച്ചലിന് പഞ്ചായത്തംഗം ബിന്ദുവും മഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂന മര്‍ജാനും ഒപ്പം കൂടി. ചടങ്ങിനെത്തിയവര്‍ക്കെല്ലാം പായസവും വിളമ്പി.
പൂക്കോട്ടുംപാടം എസ്.ഐ അമൃത് രംഗനും നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയും പൊലീസുകാരും ചടങ്ങിനെത്തിയവരെ സ്വീകരിക്കാനും ഒരുക്കങ്ങള്‍ക്കും സജീവമായിരുന്നു. വീടുപണി വേഗത്തില്‍ തീര്‍ത്ത തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.
സുമനസുകളുടെ സഹായത്തോടെയാണ് പൊലീസ് കുഞ്ഞനും കുടുംബത്തിനുമായി വീടു നിര്‍മ്മിച്ചു നല്‍കിയത്. ആത്മചാരിറ്റബിള്‍ ട്രസ്റ്റും സേവനത്തിനുണ്ടായിരുന്നു. കോളനിക്കാര്‍ക്കുള്ള ശുദ്ധജല വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. മലയിലെ കാട്ടുചോലയില്‍ നിന്ന് ടി.കെ കോളനിയിലെ ഒമ്പത് നിര്‍ധന കുടുംബങ്ങള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടി കുടിവെള്ളം ചുമന്നെത്തിക്കേണ്ട ദുരിതമായിരുന്നു.
മടിച്ചുനിക്കാതെ സി.ഐയും പൂക്കോട്ടുംപാടം എസ്.ഐ അമൃത്‌രംഗനും പോലീസുകാരും പ്രശ്‌നപരിഹാരത്തിനായി രംഗത്തിറങ്ങി. 1300 മീറ്റര്‍ ദൂരത്തെ മലയില്‍ നിന്നും പൈപ്പുവഴി കുടിവെള്ളമെത്തിച്ച് 10,000 ലിറ്റര്‍ ടാങ്കില്‍ സംഭരിച്ചു. എല്ലാവര്‍ക്കും ഇവിടെ നിന്ന് ആവശ്യത്തിന് കുടിവെള്ളമെടുക്കാം. ദുരുപയോഗം ചെയ്യരുതെന്ന നിബന്ധനമാത്രം. കുടിവെള്ള പദ്ധതി ആത്മ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ആരിഫ് ഹുസൈന്‍ ഉദ്ഘാടനം ചെയ്തു.
കുടിവെള്ളം എത്തിക്കാനുള്ള പ്രവൃത്തിയുമായി കോളനിക്കാരുമായി അടുത്തപ്പോഴാണ് മഴയും വെലിയുമേല്‍ക്കുന്ന കൂരയില്‍ ആറു പെണ്‍മക്കള്‍ക്കും ഭാര്യക്കുമൊപ്പം ഹൃദ്രോഗം ബാധിച്ച നറുക്കില്‍ കുഞ്ഞന്റെ നരകജീവിതം അറിഞ്ഞത്. ഗ്രാമപഞ്ചായത്ത് വീടുനിര്‍മ്മിക്കാന്‍ അനുവദിച്ച ഒരു ലക്ഷം കൊണ്ട് പടവുപോലും കഴിഞ്ഞില്ല.
ആറു വര്‍ഷമായി സ്വപ്നമായി നിന്ന് വീട് പണി പൂര്‍ത്തിയാക്കാന്‍ സി.ഐ തന്നെ രംഗത്തിറങ്ങുകയായിരുന്നു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ പ്രചോദനവും പ്രോത്സസാഹനവും പകര്‍ന്നു നല്‍കി. നാട്ടുകാരും ഒപ്പംകൂടി. പൊലീസുകാരും സുമനസുകളും പണം സമാഹരിച്ച് ഫെബ്രുവരി ഒന്നിനു തന്നെ വീടുപണി തുടങ്ങി. കൃത്യം 50 ദിവസം കൊണ്ട് പണി പൂര്‍ത്തിയായി.
വൈദ്യുതി കണക്ഷന്‍ ലഭിച്ചതോടെ 60ാം ദിവസം പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടത്തി. കുഞ്ഞന്റെ വീടുപണിക്കായി സഹായവുമായെത്തിയ കൂലിവേലക്കാരനായ ബാബു പല്ലാട്ടിനും പൊലീസിന്റെ കൂട്ടായ്മയില്‍ വീട് ഒരുക്കുന്നുണ്ട്. ഭാര്യ നീതിവും രണ്ടു കുട്ടികളുമടങ്ങുന്നബാബുവിനും വീടുണ്ടായിരുന്നില്ല.
പഞ്ചായത്ത് വീടിനായി നല്‍കിയ 70,000 രൂപകൊണ്ട് പാതിപോലും എത്താത്തവീട് പൂര്‍ത്തീകരിക്കാനും പോലീസിന്റെ കൂട്ടായ്മ രംഗത്തിറങ്ങി. ഇപ്പോള്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയായി അവസാന ഘട്ടത്തിലാണ്. അഞ്ചു ലക്ഷം രൂപയാണ് ഇരുവീടുകള്‍ക്കുമായി ചെലവായത്.