ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടും. യമന്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാനാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കും. ബന്ധുക്കള്‍ക്ക് യമനിലേക്കുള്ള യാത്രയ്ക്കായി സൗകര്യമൊരുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കി.
കഴിഞ്ഞ തിങ്കളാഴ്ച യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെ ആവശ്യം.