ഡൽഹി: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.
യമനിലെത്തി നിമിഷപ്രിയയെ കാണാൻ ശ്രമിക്കുകയാണ് യാത്രയുടെ ലക്ഷ്യം. ഒപ്പം കൊല്ലപ്പെട്ട യമൻ പൗരൻ തലാലിന്റെ കുടുംബത്തെയും കാണും. കുടുംബത്തെ കണ്ടു മാപ്പ് അപേക്ഷിച്ചാൽ നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനാവുമോയെന്ന് ആരായും. ഇതിനായി വേണ്ട സഹായങ്ങൾക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്.
ബന്ധുക്കളുടെ യാത്രയ്ക്കും കോൺസുൽ വഴി ജയിൽ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നൽകാൻ മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന. എന്നാൽ നിമിഷപ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സർ്ക്കാർ നേരത്തെ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.