നിമിഷ പ്രിയയുടെ മോചനം; കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജിയുമായി അമ്മ

ഡല്‍ഹി: യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി അമ്മ ഹര്‍ജി നല്‍കി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ചര്‍ച്ചകള്‍ക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം. നാളെ ഹര്‍ജി പരിഗണിച്ചേക്കും.

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം.

യമന്‍ കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ ഇളവ് തേടി നിമിഷപ്രിയ നല്‍കിയ ഹര്‍ജി മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷ.

Top