ന്യൂഡൽഹി : രാജ്യത്തെ അർധസൈനിക വിഭാഗങ്ങൾക്ക് പുതിയ മേധാവിമാർ. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) മേധാവിയായി നിന സിങ്ങിനെ നിയമിച്ചു. ഡൽഹി മെട്രോ, രാജ്യത്തെ വിമാനത്താവളങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുന്ന സിഐഎസ്എഫിന്റെ തലപ്പത്തേക്ക് ആദ്യമായാണ് ഒരു വനിത എത്തുന്നത്.
1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫിസറായ നിന സിഐഎസ്എഫിൽ സ്പെഷൽ ഡിജിയായി പ്രവർത്തിച്ചു വരികയാണ്. 2021 മുതൽ സിഐഎസ്എഫിന്റെ ഭാഗമാണ്. ബിഹാർ സ്വദേശിനിയായ നിന, രാജസ്ഥാൻ പൊലീസിൽ ഉയർന്ന പദവി കൈകാര്യം ചെയ്ത ആദ്യ വനിതയുമാണ്. 2013–18 കാലത്ത് അവർ സിബിഐ ജോയിന്റ് ഡയറക്ടറായിരുന്നപ്പോൾ ഷീന ബോറ വധം, ജിയാ ഖാൻ ആത്മഹത്യ തുടങ്ങിയ വിവാദമായ പല കേസുകളുടെയും മേൽനോട്ടം വഹിച്ചു.
ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) മേധാവിയായിരുന്ന അനീഷ് ദയാൽ സിങ് സിആർപിഎഫ് ഡയറക്ടർ ജനറലാകും. രാഹുൽ രാസ്ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറൽ.