നിന്ദർ സമരം അവസാനിച്ചു ; ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സർക്കാർ

ജയ്പൂര്‍: രാജസ്ഥാൻ നിന്ദര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ഒരു മാസമായി കര്‍ഷകര്‍ നടത്തിയിരുന്ന സമരം അവസാനിച്ചു.

ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമി റീസര്‍വ്വെ ചെയ്യാമെന്ന് രാജസ്ഥാന്‍ സർക്കാർ ഉറപ്പ് നൽകിയതിനാലാണ് സമരം അവസാനിപ്പിക്കാൻ കർഷർ തീരുമാനിച്ചത്.

2010 ല്‍ ജയ്പൂര്‍ വികസന അതോറിറ്റി പാര്‍പ്പിട പദ്ധതിക്കായി കുറഞ്ഞ വിലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

സ്ത്രീകളുള്‍പ്പെട 800 ഓളം വരുന്ന കര്‍ഷകരാണ് നിരാഹര സമരമുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അന്യായമായ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെയ്ക്കുക, റീസര്‍വ്വെ നടപടികള്‍ ആരംഭിക്കുക, ഭൂമിക്ക് അര്‍ഹമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു നിന്ദര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടത്.

അതോറിറ്റിയുടെ നടപടിക്കെതിരെ ദീപാവലി ദിനത്തില്‍ ശവക്കുഴിയുണ്ടാക്കി അതിലിരുന്നുകൊണ്ടായിരുന്നു നിന്ദര്‍ ബച്ചാവോ യുവ കിസാന്‍ സംഘര്‍ഷ് സമിതി സമരം ചെയ്തത്.

കര്‍ഷകരുള്‍പ്പെടെ അയ്യായിരത്തോളം കുടുംബങ്ങളെയാണ് ഭൂമി ഏറ്റെടുക്കല്‍ ബാധിക്കുക. കൃഷിക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന ഭൂമിവിട്ട് പോകാന്‍ താത്പര്യമില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ രാജസ്ഥാൻ സർക്കാർ ഇവരുടെ സമരത്തോട് മുഖം തിരിഞ്ഞു നിന്നു . അതിനാൽ തന്നെ ഓരോ ദിവസവും കഴിയുമ്പോൾ സമരം കൂടുതൽ ശക്തമായി.

ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ ചൊവാഴ്ച്ചയാണ് സമരം അവസാനിച്ചത്.

രാജസ്ഥാന്‍ സര്‍ക്കാരും സമരസമിതി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കർഷകർക്ക് അനുകൂലമായ നടപടികൾ സര്‍ക്കാര്‍ സമ്മതിച്ചത്.

Top