ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഔറിയ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി 70 പേര്‍ക്ക് പരിക്ക്. കൈഫിയത്ത് എക്‌സ്പ്രസിന്റെ എന്‍ജിനടക്കം 10 ബോഗികളാണ് പാളം തെറ്റിയത്.
യുപിയില്‍ നാലു ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ തീവണ്ടി അപകടമാണിത്.
ഇന്ന് പുലര്‍ച്ചെ 2.40 ഓടു കൂടിയാണ് അപകടം നടന്നത്. ഇതുവരെ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല.
അസംഗഡില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീവണ്ടിയുടെ പാളം തെറ്റിയത് എന്നാണ് വിവരം.
റെയില്‍വേ വക്താവ് അനില്‍ സക്‌സേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ 19ന് ട്രെയിന്‍ പാളം തെറ്റി 24 പേര്‍ മരിച്ചിരുന്നു. ഖത്തൗളിയില്‍ ഉത്കല്‍ എക്‌സ്പ്രസായിരുന്നു അപകടത്തില്‍പ്പെട്ടിരുന്നത്. 14 ബോഗികളാണ് അന്ന് അപകടത്തില്‍ പെട്ടത്. 100ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.