ഹൈദരാബാദ്: തെലങ്കാനയില്‍ കനത്ത മഴയെ തുടര്‍ന്ന് വീടുകളില്‍ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് രണ്ടു മാസം പ്രായമുളള കുഞ്ഞുള്‍പ്പടെ ഒമ്പതു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തോളം വീടുകള്‍ക്ക് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.
കഴിഞ്ഞ മൂന്നു ദിവസമായി തെലങ്കാനയില്‍ കനത്ത മഴ തുടരുകയാണ്. 48 മണിക്കൂറിനിടയില്‍ മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 12 പേരാണ് തെലങ്കാനയില്‍ മരിച്ചത്. സംസ്ഥാനത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ 14 ജില്ലകളെയാണ് മഴ ബാധിച്ചിരിക്കുന്നത്.
ഹൈദരാബാദില്‍ റോഡുകളിലടക്കം വെള്ളക്കെട്ടായതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. മഴയെ തുടര്‍ന്ന് ഹൈദരാബാദ്-ബംഗളുരു ദേശീയപാത തകര്‍ന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. മഴ തുടരുന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.