നടക്കാന്‍ പോകുന്നത് നിയമസഭ തിരഞ്ഞെടുപ്പാണ്, തീ പാറുന്ന പോരാട്ടത്തിനാണ് രാഷ്ട്രീയ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തുടര്‍ഭരണം കിട്ടിയാലും ഇല്ലങ്കിലും ഇടതുപക്ഷത്തിന് പ്രത്യേകിച്ച്, സി.പി.എമ്മിന് ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല. സംഘടനാപരമായി ഏറ്റവും കരുത്തുറ്റ അവസ്ഥയിലേക്ക് സി.പി.എമ്മും വര്‍ഗ്ഗ ബഹുജന സംഘടനകളും എത്തുന്നത് തന്നെ പ്രതിപക്ഷത്തിരിക്കുമ്പോഴാണ്. എന്നാല്‍, യു.ഡി.എഫിന്റെ അവസ്ഥ അതല്ല ഭരണം കിട്ടിയില്ലങ്കില്‍ ആ മുന്നണി തന്നെ മുങ്ങിപ്പോകും. ടൈറ്റാനിക്കിന്റെ അവസ്ഥയിലേക്ക് യു.ഡി.എഫ് പോകുന്നു വെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനു മാത്രമല്ല മുസ്ലീം ലീഗ് നേതൃത്വത്തിനും ഇപ്പോഴുണ്ട്. അതു കൊണ്ടാണ് ‘ഇപ്പോഴില്ലെങ്കില്‍ ഒരിക്കലും ഇല്ലന്ന്’ അവര്‍ തന്നെ വിലപിക്കുന്നത്. സ്വര്‍ണ്ണക്കടത്തും ഈത്തപ്പഴക്കടത്തും ചീറ്റിപ്പോയതിനാല്‍ പുതിയ ‘ആയുധങ്ങളിലൂടെയാണ്’ യു.ഡി.എഫ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്.
നേതാക്കളെ കേന്ദ്രീകരിച്ചുള്ള വ്യക്തി ഹത്യയാണ് ഇതില്‍ പ്രധാനം. ചെത്തുകാരന്റെ മകനായ പിണറായി വിജയനില്‍ തുടങ്ങി യുവ നേതാക്കളായ എം.ബി രാജേഷിലും എ.എ റഹീമിലും വരെ എത്തി നില്‍ക്കുകയാണ് ഈ ടാര്‍ഗറ്റ്. കുടുംബാംഗങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴച്ച് നേതാക്കളെ പ്രതിരോധത്തിലാക്കാന്‍ എതിരാളികളുടെ ‘നാവായ’ കുത്തക മാധ്യമങ്ങളും ‘വിഷമാണിപ്പോള്‍’ ചീറ്റുന്നത്. യാഥാര്‍ത്ഥ്യം എന്താണ് എന്നത് മറച്ചു വെച്ചുള്ള ഈ കള്ള പ്രചാരവേലയുടെ രാഷ്ട്രീയമാണ് പ്രബുദ്ധരായ കേരള ജനത തിരിച്ചറിയേണ്ടത്. ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റുകൂടിയായ എം.ബി രാജേഷും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും പ്രതിപക്ഷത്തിന്റെ മാത്രമല്ല വലതുപക്ഷ മാധ്യമങ്ങളുടെയും കണ്ണിലെ കരടാണ്. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരുടെ തിട്ടൂരത്തിന് വഴങ്ങാതെ തങ്ങളുടെ നിലപാട് ശക്തമായി തന്നെ അവതരിപ്പിക്കുന്നവരാണിവര്‍. അതുകൊണ്ട് തന്നെയാണ് ഉയര്‍ന്ന ആരോപണത്തിന് പിന്നിലെ താല്‍പ്പര്യം പോലും പരിശോധിക്കാതെ ഏകപക്ഷീയമായി മാധ്യമങ്ങളും ഇപ്പോള്‍ കടന്നാക്രമണങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്.
എം.ബി രാജേഷും എ.എ റഹീമും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിവാദ നിയമന ‘കുരുക്കും’ കുടുംബാംഗങ്ങള്‍ക്ക് മേല്‍ ചാര്‍ത്തി കൊടുത്തിരിക്കുന്നത്. ഉദ്ദേശം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. അതുപക്ഷേ, രാജേഷിലും റഹീമിലും മാത്രം ഒതുങ്ങുന്നതല്ലന്ന് മാത്രം. ഇടതുപക്ഷത്തെയാകെ പ്രതിരോധത്തിലാക്കുക എന്നതാണ് വിവാദം വഴി പ്രതിപക്ഷവും കുത്തക മാധ്യമങ്ങളും ലക്ഷ്യമിടുന്നത്. ഭരണ സ്വാധീനത്തില്‍ ഒരു ജോലി നേടണമെങ്കില്‍ രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയ്ക്ക് അത് എത്രയോ മുന്‍പ് തന്നെ സാധ്യമാകുമായിരുന്നു. രാജേഷിന്റെ ഭാര്യയാകുന്നതിന് മുന്‍പ് റഷീദ് കണിച്ചേരി എന്ന കേരളത്തിലെ ഏറ്റവും വലിയ അദ്ധ്യാപക സംഘടനാ നേതാവിന്റെ മകളായിരുന്നു നിനിത എന്നതും ആരും മറന്നു പോകരുത്. നിനിതയും സഹോദരന്‍ നിതിന്‍ കണിച്ചേരിയും കാലിക്കറ്റ് സര്‍വ്വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. എസ്.എഫ്.ഐ സംസ്ഥാന – കേന്ദ്ര നേതൃരംഗത്തും ഇരുവരും സജീവമായിരുന്നു.
ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍ നിന്നും വരുന്ന നിനിതക്ക് വേണമെന്ന് വിചാരിച്ചിരുന്നു എങ്കില്‍ എത്രയോ മുന്‍പ് തന്നെ ഉന്നത ജോലി സാധ്യമാകുമായിരുന്നു. ഒരു വഴിവിട്ട നീക്കത്തിനും ആ കമ്യൂണിസ്റ്റ് കുടുംബം അന്നും ശ്രമിച്ചിട്ടില്ല ഇന്നും ശ്രമിച്ചിട്ടില്ല. അതു തന്നെയാണ് യാഥാര്‍ത്ഥ്യം. നിനിത എം.ബി രാജേഷിന്റെ ഭാര്യ ആയതിനു ശേഷവും ഇവിടെ ഇടതുപക്ഷം ഭരിച്ചിട്ടുണ്ട് എന്നതും ആരോപണം ഉന്നയിക്കുന്നവര്‍ മറന്നു പോകരുത്. യഥാര്‍ത്ഥത്തില്‍ ഇവിടെ ഇപ്പോള്‍ നടക്കുന്നത് ചിലര്‍ രചിച്ച ‘തിരക്കഥ’ പ്രകാരമുള്ള നാടകമാണ്. നിയമനത്തിനു പിന്നിലെ വിശദാംശം പരിശോധിച്ചാലും അതാണ് വ്യക്തമാകുന്നത്. പ്രചരിപ്പിക്കപ്പെടുന്ന കള്ളങ്ങളില്‍ ഒന്ന്, അസി.പ്രൊഫസറായി നിയമിക്കപ്പെടാനുള്ള യോഗ്യത നിനിതക്ക് ഇല്ല എന്നതാണ്. എന്നാല്‍, ഇത് പച്ചക്കള്ളമാണ്. മികച്ച അക്കാദമിക് പഞ്ചാത്തലമുള്ള ഒരാളാണ് നിനിത.
SSLC ക്ക് 73% മാര്‍ക്കും MA മലയാളത്തില്‍ 64% മാര്‍ക്കും നേടി വിജയിച്ച അവര്‍ പോളിടെക്‌നിക് ഡിപ്ലോമ ഹോള്‍ഡര്‍ കൂടിയാണ്.10 വര്‍ഷം മുന്‍പ് NET ഉം 3 വര്‍ഷം മുന്‍പ് Phd യും നിനിത നേടിയിട്ടുണ്ട്. Psc വഴി ലഭിച്ച നിയമനത്തിലൂടെയാണ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും അവര്‍ക്ക് ടീച്ചറായി ജോലി ലഭിച്ചിരുന്നത്. അതല്ലാതെ, പിന്‍വാതില്‍ നിയമനമല്ല നടന്നിരുന്നത്. ഒരു വ്യാഴവട്ടത്തിലേറെക്കാലം നീണ്ട അദ്ധ്യാപന പരിചയമാണ് നിനിത കണിച്ചേരിക്കുള്ളത്. പ്രചരിപ്പിക്കപ്പെടുന്ന രണ്ടാമത്തെ കള്ളം, റാങ്ക് ലിസ്റ്റ് അട്ടിമറിച്ചാണ് നിനിതക്ക് നിയമനം നല്‍കിയത് എന്നതാണ്. ഇതിന്റെ യഥാര്‍ത്ഥ്യം വ്യക്തമാക്കേണ്ടത് സര്‍വ്വകലാശാല തന്നെയാണ്. അതല്ലാതെ, പ്രതിപക്ഷവും മാധ്യമങ്ങളുമല്ല.
വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള 7 പേര്‍ ചേര്‍ന്ന സമിതിയാണ് ഇന്റര്‍വ്യു നടത്തിയിരിക്കുന്നത്. വിസി മാര്‍ക്കിട്ടിട്ടില്ല. ബാക്കി 6 പേരാണുള്ളത്. ഇതില്‍ 3 വിഷയ വിദഗ്ദരുമുണ്ട്. നാലാമനാകട്ടെ, ചാന്‍സലറായ ഗവര്‍ണ്ണറുടെ നോമിനിയായ വിദ്യാഭ്യാസ വിദഗ്ദനാണ്. മറ്റൊന്ന് ഫാക്കല്‍റ്റി ഡീനാണ്. ആറാമത്തെയാള്‍ വകുപ്പ് മേധാവിയാണ്. ഈ 6 പേര്‍ തയ്യാറാക്കിയ മാര്‍ക്ക് ലിസ്റ്റുകള്‍ വെട്ടും തിരുത്തുമില്ലാതെ സര്‍വകലാശാലയില്‍ ഇപ്പോഴും കാണും. വാര്‍ത്ത പടച്ചു വിടുന്നവര്‍ കഴിയുമെങ്കില്‍ ഇത് പരിശോധിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്. പരാതിയും ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമായാല്‍ പോലും വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാര്‍ക്ക് ലിസ്റ്റുകള്‍ പരിശോധിക്കപ്പെടണം എന്നതു തന്നെയാണ് ഞങ്ങളുടെയും അഭിപ്രായം. അതുവരെ കാത്തിരിക്കാന്‍, ആരോപണം ഉന്നയിക്കുന്നവരാണ് തയ്യാറാകേണ്ടത്.
എന്നാല്‍ ഇതിനു തയ്യാറാവാതെ സര്‍വ്വകലാശാലയിലേക്ക് യുവജന – വിദ്യാര്‍ത്ഥി സംഘടനകളെ കൊണ്ട് മാര്‍ച്ച് നടത്തിച്ചും പത്രസമ്മേളനങ്ങള്‍ നടത്തിയും ചാനലുകളില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചും വിഷയം ലൈവാക്കി നിര്‍ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള അജണ്ടയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഏതാനും ആളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധത്തിന് പോലും ലൈവ് കവറേജ് കൊടുത്ത് പെരുപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനത്തോട് സഹതപിക്കുക മാത്രമേ നിവൃത്തിയൊള്ളൂ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടനകളുടെ കൊടികള്‍ ഉയര്‍ത്തിയാണ്,ഏതാനും ആളുകളിപ്പോള്‍ ചാനല്‍ ഷോകള്‍ നടത്തി വരുന്നത്. മുങ്ങുന്ന കപ്പലിനെ കരക്കടിപ്പിക്കാനുള്ള വിഫലശ്രമമാണിത്. ടിവി സ്‌ക്രീനുകളില്‍ ഒരു റാങ്ക് ലിസ്റ്റ് ഉയര്‍ത്തിക്കാട്ടി അതില്‍ നിനിതയുടെ റാങ്ക് 212 ആണ് എന്നും, എന്നിട്ടും ഒന്നാമത്തെയാളായി ജോലി കിട്ടി എന്നുമുള്ള മട്ടിലാണ് ചര്‍ച്ചകള്‍ അരങ്ങേറുന്നത്. 7 വര്‍ഷം മുന്‍പത്തെ ഒരു റാങ്ക് ലിസ്റ്റ് ഉയര്‍ത്തിക്കാട്ടി ആഘോഷിക്കുന്നവര്‍ മലയാളികളുടെ സാമാന്യ ബോധത്തെയാണ് ശരിക്കും വെല്ലുവിളിക്കുന്നത്.
ആ റാങ്ക് ലിസ്റ്റും ഇപ്പോഴത്തെ നിയമനവും തമ്മില്‍ ഒരു ബന്ധവുമില്ലന്നത് ചാനല്‍ തലപ്പത്തിരിക്കുന്ന ബുദ്ധിമാന്‍മാരെങ്കിലും മനസ്സിലാക്കണം. ആളുകളെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നതിനെ ഒരിക്കലും മാധ്യമ പ്രവര്‍ത്തനമെന്ന് വിളിക്കാന്‍ കഴിയുകയില്ല. എന്തും വിളിച്ചു പറയുന്നവര്‍ക്ക് വേദി കൊടുക്കുന്നത് വഴി പക്ഷപാതിത്വപരമായ നിലപാടാണ് ചാനലുകള്‍ സ്വീകരിക്കുന്നത്. ഉമര്‍ തറമേല്‍ എന്ന ഒരു വിഷയ വിദഗ്ദന്റെ ‘തറ’ വേലയില്‍ നിന്നാണ് ഈ വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. അദ്ദേഹം എഫ്.ബി പോസ്റ്റ് ഇടാനുണ്ടായ പ്രേരണയും പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.
ഉമര്‍ തറമേല്‍ വിഷയ വിദഗ്ദന്‍ മാത്രമല്ല, ഒന്നാംതരം ജമാഅത്തുമാണ് എന്നതും നാം മനസ്സിലാക്കണം. ഈ വിഭാഗത്തിനെതിരെ ഏറ്റവും കടുത്ത നിലപാടുകള്‍ ചാനല്‍ ചര്‍ച്ചകളിലും സ്വീകരിക്കുന്ന കമ്യൂണിസ്റ്റാണ് എം.ബി. രാജേഷ്. വകുപ്പ് മേധാവിയോട് ഇന്റര്‍വ്യൂവിന് മുന്‍പ് തന്നെ നിനിതയെ നിയമിക്കരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടതായ ആരോപണവും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇതും ഗൗരവമായി കാണേണ്ട കാര്യമാണ്. മാര്‍ക്കിടുമ്പോള്‍ ഉമര്‍ തറ മേലിന് അദ്ദേഹത്തിന്റെ വ്യക്തിപരവും രാഷ്ട്രീയവുമായി താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെയും ഒരിക്കലും കുറ്റം പറയാന്‍ കഴിയുകയില്ല. അദ്ദേഹം കൂടുതല്‍ മാര്‍ക്ക് നല്‍കിയ ആള്‍ക്ക് തന്നെ ഒന്നാം റാങ്ക് കിട്ടണമെന്ന നിര്‍ബന്ധം എന്തിനാണ്? ഇതേ ബോഡിലെ 6 പേരും നല്‍കിയ മാര്‍ക്കുകള്‍ കൂട്ടി അതില്‍, ഒന്നാമതെത്തുന്നയാള്‍ക്കാണ് ഒന്നാം റേങ്ക് നല്‍കേണ്ടത്. ഇവിടെ നല്‍കിയിരിക്കുന്നതും അതു തന്നെയാണ്.
ഓരോരുത്തര്‍ നല്‍കിയ മാര്‍ക്കുകള്‍ എത്രയെന്നത് ആ മാര്‍ക്ക് ലിസ്റ്റില്‍ തന്നെയുണ്ട്. അതും അധികം താമസിയാതെ വെളിപ്പെടുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഒരു സംശയവും ഉമറിനും ഉണ്ടാവേണ്ടതില്ല. രാജേഷിന്റെ ഭാര്യയായത് കൊണ്ടു മാത്രം തനിക്ക് നാലാം റാങ്ക് മതി എന്ന നിലപാട് നിനിത സ്വീകരിക്കണമായിരുന്നു എന്നതാണ് നിലപാടെങ്കില്‍, അതിനോട് യോജിക്കാന്‍ സൗകര്യമില്ല. അവര്‍ രാജേഷിന്റെ ഭാര്യ മാത്രമല്ല സ്വതന്ത്ര വ്യക്തി കൂടിയാണെന്നത് തറവേല കാണിക്കുന്നവര്‍ ശരിക്കും ഓര്‍ത്തു കൊള്ളണം. സംസ്‌കൃത സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒരു സ്ത്രീ തന്നെയാണ് നിനിത. അത് അവരെ അറിയുന്ന ആര്‍ക്കും തന്നെ ബോധ്യമുള്ള കാര്യവുമാണ്. അതൊരിക്കലും ആരോപണങ്ങളില്‍ ഒലിച്ചു പോകുകയുമില്ല.
യു.ഡി.എഫിന് പുറമെ സംഘപരിവാറും ഇപ്പോള്‍ നിനിതയുടെ നിയമനത്തിനെതിരെ കൊടിപിടിച്ചിട്ടുണ്ട്. നിയമനത്തിലെ മുസ്ലീം സമുദായ സംവരണമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. ഇതും യുക്തിക്ക് നിരക്കുന്നതല്ല. നിനിതക്കും രാജേഷിനും നിലവില്‍ മതമില്ല. പിന്നെ മതത്തിന്റെ പേരിലുള്ള സംവരണം സ്വീകരിക്കാമോ എന്നതാണ് പരിവാര്‍ ഉയര്‍ത്തുന്ന ഒന്നാമത്തെ ചോദ്യം. മക്കളുടെ സര്‍ട്ടിഫിക്കറ്റില്‍ അവര്‍ മതവും ജാതിയും രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് പരിവാറിന്റെ രണ്ടാമത്തെ പ്രശ്‌നം. പെട്ടെന്ന് കേട്ടാല്‍ ആര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കാന്‍ പോന്ന ചോദ്യങ്ങളാണിത്. ആഴത്തിലും പരപ്പിലും മനസ്സിലാക്കേണ്ട സംവരണം എന്ന വിഷയത്തെ സംവരണ വിരുദ്ധരായ ആളുകള്‍ വെടക്കാക്കി തനിക്കാക്കുന്ന ഒരു രീതി ഈ ചോദ്യങ്ങളിലും പ്രകടമാണ്. സംവരണം എന്നത്, ഏതെങ്കിലും തരത്തിലുള്ള നമ്മുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമല്ല. രാഷ്ട്രീയമോ മതപരമോ പ്രത്യയശാസ്ത്രപരമോ ആയി ബന്ധപ്പെട്ടതല്ലെന്ന് കൂടി മനസ്സിലാക്കണം. സാമൂഹ്യമായ പിന്നാക്കാവസ്ഥയുമായി ബന്ധപ്പെട്ട കാര്യമാണത്.
ജാതി സംവരണം, ചാതുര്‍വര്‍ണ്യത്തിന്റെ ആശയം പങ്കിടുന്നവരേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നു കരുതുന്നവര്‍ക്ക് ഇതൊന്നും തന്നെ മനസ്സിലാകുകയില്ല. അഥവാ മനസ്സിലായാലും രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ അതൊന്നും തന്നെ കാണുകയില്ല. ഇക്കൂട്ടരെ നയിക്കുന്നത്, അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ്. അക്കാര്യത്തില്‍ ജമാ അത്തെന്നോ സംഘപരിവാറെന്നോ കോണ്‍ഗ്രസ്സെന്നോ ലീഗെന്നോ ഉള്ള ഒരു വ്യത്യാസവുമില്ല. ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണിത്. അങ്ങനെ മാത്രമേ, വിലയിരുത്താനും കഴിയുകയൊള്ളൂ.
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരിക്ക് നേരെയും സമാനമായ പ്രചരണമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് പരസ്യമായി ആരോപണം ഉന്നയിച്ച് വിവാദം കത്തിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. സ്‌കോള്‍ കേരളയില്‍ റഹീമിന്റെ സഹോദരി ഷീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് തുടര്‍ച്ചയായി 10 വര്‍ഷം സര്‍വീസില്ലാതിരുന്നിട്ടും സ്ഥിരപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ നേട്ടത്തിന് യു.ഡി.എഫ് ശ്രമം നടത്തുന്നത്. 10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെയും, മറ്റ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്തവരെയുമാണ് സ്ഥിരപ്പെടുത്തിയതെന്ന സര്‍ക്കാര്‍ നിലപാടിനെയാണ് ഇതുവഴി പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇവിടെയും യുക്തിക്ക് നിരക്കാത്ത വാദങ്ങള്‍ തന്നെയാണ് പ്രതിപക്ഷം നിരത്തിയിരിക്കുന്നത്.
റഹീമിന്റെ സഹോദരി ഉള്‍പ്പെടെ പലര്‍ക്കും സ്‌കോള്‍ കേരളയില്‍ തുടര്‍ച്ചയായി 10 വര്‍ഷം ജോലി ചെയ്യാന്‍ കഴിയാതിരുന്നത്, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഷീജ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതുകൊണ്ട് മാത്രമാണ്. ഒരു വര്‍ഷമാണ് അവര്‍ക്ക് ഇതുമൂലം പുറത്ത് നില്‍ക്കേണ്ടി വന്നിരുന്നത്. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് തന്നെ മറ്റൊരു ടെസ്റ്റ് നടത്തുകയുണ്ടായി. ഈ ടെസ്റ്റിലും ഷീജ ഉള്‍പ്പെടെയുള്ളവര്‍ വിജയിച്ചതിനെ തുടര്‍ന്നാണ് അവര്‍ക്ക് ജോലി തുടരാനായിരുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് എ.എ റഹീം സഹോദരിക്കു വേണ്ടി സ്വാധീനം ചെലുത്തിയെന്ന് ചെന്നിത്തലയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ അതാണ് തുറന്നു പറയേണ്ടത്.
യു.ഡി.എഫ് ഭരണകാലത്ത് പുറത്ത് നില്‍ക്കേണ്ടി വന്ന ഒരു വര്‍ഷം പിന്നീട് സര്‍ക്കാര്‍ റഗുലറൈസ് ചെയ്തു കൊടുത്തതോടെയാണ് ഇപ്പോള്‍ സ്ഥിര നിയമനം ഷീജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇളവിനെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടും കോടതി സ്റ്റേ ചെയ്യാന്‍ തയ്യാറായിട്ടില്ലന്നതും ശ്രദ്ധേയമാണ്. കോടതിക്ക് പോലും ബോധ്യപ്പെടാത്ത കാര്യങ്ങളാണിപ്പോള്‍ പ്രതിപക്ഷം ആരോപിക്കുന്നത്. റഹീമിന്റെ സഹോദരിക്ക് യോഗ്യതയില്ലെങ്കില്‍ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു തന്നെ അവരെ പിരിച്ചു വിടാമായിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ല. അതിന്റെ അര്‍ത്ഥം നേരായ വഴിക്കു നടന്ന ടെസ്റ്റില്‍ തന്നെയാണ് ഷീജയും വിജയിച്ചത് എന്നതാണ്. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് സംസ്ഥാന സര്‍ക്കാറിന്റെ നയമാണ്. ഇവരെ പിരിച്ചു വിട്ട് വഴിയാധാരമാക്കണമെന്നതാണ് യു.ഡി.എഫ് നയമെങ്കില്‍ അതിനോട് എന്തായാലും യോജിക്കാന്‍ കഴിയുകയില്ല.
എന്ത് ആരോപിച്ചാലും വാര്‍ത്തയാക്കാന്‍ കഴിയും എന്നത് സമ്മതിച്ചു. എന്നാല്‍, അത് ജനങ്ങള്‍ വിശ്വസിക്കണമെന്ന് മാത്രം വാശിപ്പിടിക്കരുത്. സ്‌കോള്‍ കേരളയിലെ നിയമനങ്ങള്‍ പി.എസ്.സി അല്ല നിലവില്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ ആരുടെയും ഒരവസരവും ഇവിടെ നഷ്ടപ്പെടുന്നുമില്ല. മനുഷ്യത്വപരമായ സമീപനം മാത്രമാണ് ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെ രാഷ്ട്രീയ പക മുന്‍നിര്‍ത്തി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് തന്നെ ഹീനമായ നടപടിയാണ്. റഹീമിന്റെ സഹോദരി മാത്രമല്ല നിയമന പട്ടികയില്‍ ഉള്‍പ്പെടുന്നതെന്നതും പ്രതിപക്ഷത്തിന് ഓര്‍മ്മ വേണം. റഹീമിന് സഹോദരിക്ക് സ്ഥിര ജോലി നല്‍കിക്കണമായിരുന്നെങ്കില്‍ കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്തു തന്നെ അതിനു ശ്രമിക്കാമായിരുന്നു. എന്നാല്‍, എം.ബി രാജേഷിനെ പോലെ തന്നെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി റഹീമും ഇത്തരം പിന്‍വാതില്‍ നിയമനത്തിന് ശ്രമിച്ചിട്ടില്ല. എല്ലാ കാലത്തും പിന്‍വാതില്‍ നിയമനങ്ങളെ ചെറുത്ത പാരമ്പര്യമാണ് ഈ കമ്യൂണിസ്റ്റുകള്‍ക്കുള്ളത്. സംഘടനാപരമായ നിലപാട് കൂടിയാണത്.
വേലി തന്നെ വിളവ് തിന്നുന്നത് യു.ഡി.എഫ് കാലത്താണ്. അതിനു ചൂണ്ടിക്കാട്ടാന്‍ ഉദാഹരണങ്ങളും നിരവധിയുണ്ട്. വാക്ക് ഒന്നും പ്രവര്‍ത്തി മറ്റൊന്നും ചേരുന്നതും ചെന്നിത്തലയ്ക്കും സംഘത്തിനും തന്നെയാണ്. ആ കൂട്ടത്തില്‍ ഒരിക്കലും കമ്യൂണിസ്റ്റുകളെ കൂട്ടരുത്. നിനിത കണിച്ചേരിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത് എം.ബി രാജേഷിനെയാണ്. വ്യക്തിതാല്‍പര്യം സംരക്ഷിക്കാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്നുപേര്‍ ഉപജാപം നടത്തിയെന്ന എം ബി രാജേഷിന്റെ ആരോപണം ഗുരുതരമാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യാറാവണം. സ്ഥാപിത താല്‍പര്യമല്ലെന്ന് വിഷയവിദഗ്ദരാണ് ഇനി തെളിയിക്കേണ്ടത്. ബോര്‍ഡംഗങ്ങളില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലാണ് പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, ആ പരാതി നിയമന ഉത്തരവ് കിട്ടിയ ഉദ്യോഗാര്‍ത്ഥിക്ക് അയച്ചുകൊടുത്ത് നിങ്ങള്‍ ഇതില്‍നിന്ന് പിന്‍മാറണമെന്നും അതല്ലെങ്കില്‍, മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുമെന്നും പറഞ്ഞത് എന്തിനു വേണ്ടിയാണ്?
ഇവിടെയാണ്, ഗൂഢാലോചനയും സംശയിക്കേണ്ടത്. ‘കാള പെറ്റു എന്ന് കേട്ട മാത്രയില്‍, കയറെടുക്കാന്‍ ഓടിയ’ പ്രതിപക്ഷ നേതാവ് ഈ ‘തിരിക്കഥയുടെ’ ഉറവിടവും തിരക്കുന്നത് നല്ലതായിരിക്കും. സ്‌കോള്‍ കേരള നിയമന വിവാദത്തിലൂടെ ഷീജയെയല്ല, എ.എ റഹീമിനെ തന്നെയാണ് എതിരാളികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആരോപണ ശരങ്ങളും റഹീമിനെ ലക്ഷ്യമിട്ടാണ് തൊടുത്തിരിക്കുന്നത്. ഇതെല്ലാം ഏറ്റെടുത്ത് പുകമറ സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളും നിര്‍ണ്ണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്ര തന്നെ ഈ ആരോപണങ്ങളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇതൊരു തരം ഭയമാണ്.
ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എന്തിനാണ് നിങ്ങള്‍ക്കിത്ര വിഭ്രാന്ത്രി? ഇടതുപക്ഷത്തിന് ബദല്‍ ജനക്ഷേമ പ്രവര്‍ത്തനത്തിലൂടെയാണ് കാണിക്കേണ്ടത്. മുന്നോട്ട് വയ്‌ക്കേണ്ടതാകട്ടെ നടപ്പാക്കുമെന്ന് ഉറപ്പുള്ള പ്രകടനപത്രികയും ആയിരിക്കണം. അതല്ലാതെ ആരോപണങ്ങളുടെ ‘ചെപ്പടി വിദ്യ’യുമായി വന്നാല്‍ അതിന് അല്പായുസ്സ് മാത്രമാണുണ്ടാകുക. ഇക്കാര്യവും, ഓര്‍ക്കുന്നത് നല്ലതായിരിക്കും.