മുംബൈ : രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിർത്തിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഒൻപത് വയസ്.
2008 നവംബർ 26നായിരുന്നു പത്ത് ലഷ്കർ ഭീകരർ ചേർന്ന് രാജ്യത്തിന്റെ അഭിമാനമായ മുംബൈ നഗരത്തെ രക്തക്കളമാക്കിമാറ്റിയത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത ഉദ്ദവ നേതാവ് ഹാഫിസ് സയീദ് പാകിസ്ഥാനിൽ വീട്ടുതടങ്കലിൽ നിന്ന് മോചിതനായതിന് തൊട്ടു പിന്നാലെയാണ് ഭീകരാക്രമണത്തിന്റെ ഒൻപതാം വർഷം കടന്ന് പോകുന്നത്.
അക്രമിക്കൂട്ടങ്ങൾ ഒൻപതു വര്‍ഷം മുൻപുള്ള ഇതേ ദിനം തിരക്കേറിയ മുംബൈ നഗരത്തെ മുൾമുനയിൽനിർത്തി.
ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവയാണ് ആക്രമണത്തിനിരയായ സ്ഥലങ്ങള്‍.
മുംബൈയ്‌ക്കൊപ്പം മൂന്നു ദിവസം രാജ്യം വിറങ്ങലിച്ചുനിന്നു. അജ്മല്‍ കസബ് എന്ന പാക്കിസ്ഥാന്‍ പൗരനൊഴികെ അക്രമികളായ മറ്റ് ഒന്‍പതു പേരും സുരക്ഷാസേനയുടെ വെടിയേറ്റു മരിച്ചു.
തീവ്രവാദ വിരുദ്ധസേന തലവന്‍ ഹേമന്ദ് കര്‍ക്കറെ, വിജയ് സലസ്‌കര്‍, മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ തുടങ്ങി 22 ഭടന്‍മാരും, വിദേശി സഞ്ചാരികളുമടക്കം പൊലിഞ്ഞുവീണത് 166 ജീവനുകളായിരുന്നു. കൂടാതെ 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുംബൈയിൽ നടന്ന ഈ അക്രമത്തിന്റെ പിന്നിൽ ലഷ്കർ ഇ ത്വയ്ബയെന്ന് അന്വേഷണ സംഘം കണ്ടെത്തി.
അജ്മല്‍ കസബ് ത്രീവ്രവാദിയെ 2012 നവംബറിൽ ഇന്ത്യ തൂക്കിലേറ്റി കൊടും ക്രൂരതയുടെ വിധി നടപ്പാക്കി.
ഇന്ത്യയിൽ ഭയത്തിന്റെയും , മരണത്തിന്റെയും , സങ്കടത്തിന്റെയും വിത്തുകൾ വിതറിയത് പാക്കിസ്ഥാനിൽ നിന്നാണെന്ന് വ്യക്തമായതോടെ ഇരു രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന ബന്ധത്തിൽ ഉലച്ചിലുണ്ടായി.
ലഷ്കർ ഭീകരൻ ഹാഫിസ് സയീദാണ് സൂത്രധാരനെന്ന് വ്യക്തമാകുന്ന തെളിവുകൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.
എന്നാൽ വ്യക്തമായ തെളിവുകൾ ലഭ്യമല്ലെന്ന കാരണം പറഞ്ഞ് പാക്കിസ്ഥാൻ ഹാഫിസ് സയീദിനെ മോചിപ്പിച്ചു.
ലോക രാജ്യങ്ങൾക്കിടയിൽ പാക്കിസ്ഥാൻ തീവ്രവാദം വളർത്തുകയാണെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹാഫിസിന് മോചനം നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ പുതിയ ചർച്ചകൾക്ക് വഴി ഒരുക്കിയിരിക്കുകയാണ് പാക്കിസ്ഥാന്റെ നിലപാട്.