കോഴിക്കോട് : ജനങ്ങളില്‍ ഭീതി പടര്‍ത്തി നിപാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ഡോ: കഫീല്‍ ഖാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണു കഫീല്‍ ഖാന്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.
ഫജര്‍ നമസ്‌ക്കാരത്തിനു ശേഷം ഉറങ്ങാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നും, നിപാ വൈറസ് മൂലമുള്ള മരണങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ട്ടിക്കാന്‍ തന്നെ അനുവദിക്കണമെന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ കഫീല്‍ ഖാന്‍ പറയുന്നത്.
സിസ്റ്റര്‍ ലിനി പ്രചോദനമാണ്. തന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാന്‍ തയാറാണ്. അതിന് അല്ലാഹു അറിവും കരുത്തും നല്‍കട്ടെ എന്നും കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാനെ പ്രതിയാക്കിയ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.