അവളുടെ മരണം സമാനതകളില്ലാത്തത് . . . ആദരവുമായി . . ലോകാരോഗ്യ സംഘടനയും

nipa virus

കോഴിക്കോട്‌: നിപ വൈറസ് ബാധിച്ചയാളെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റു മരണത്തിന് കീഴടങ്ങിയ മലയാളി നഴ്‌സ് ലിനിയെ അനുസ്മരിച്ച് ലോകാരോഗ്യ സംഘടന രംഗത്ത്. സംഘടനയുടെ ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് ഡയറക്ടര്‍ ജിം ക്യാംബെല്‍ ആണ് ലിനിയെ അനുസ്മരിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ലിനിയെ കൂടാതെ ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച റസാന്‍ അല്‍ നജ്ജാറഇനയെയും ലൈബീരിയയില്‍ എബോളയ്‌ക്കെതിരായ പോരാട്ടത്തില്‍ മരിച്ച സലോം കര്‍വ എന്ന നഴ്‌സിനെയും അദ്ദേഹം അനുസ്മരിച്ചു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് ചങ്ങരോത്ത് ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്ക് 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.

ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ച് ആതുരസേവനത്തിനിറങ്ങിത്തിരിച്ച ലിനി മറ്റുള്ളവര്‍ക്ക് എന്നും പ്രചോദനമാണ്.

Top