കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കുമെന്ന് കരുതുന്ന ഓസ്ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് ഇന്ത്യയുടെ ആവശ്യ പ്രകാരം എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി. ഇതുടന്‍ രോഗികള്‍ക്ക് കൊടുത്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഓസ്ട്രേലിയയില്‍ നിന്നും എത്തിച്ച ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡീസ് എന്ന ഈ മരുന്ന് 50 ഡോസ് എത്തിയിട്ടുണ്ട്.
മരുന്ന് ഇതുവരെ പൂര്‍ണമായും പരീക്ഷിച്ചിട്ടില്ല. അതിനാല്‍ ഇതിന് പേറ്റന്റും ലഭിച്ചിട്ടില്ല. മരുന്നിന്റെ കൂടുതല്‍ പരീക്ഷണത്തിന് ലോകാരോഗ്യ സംഘടന അടക്കം അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വിശദീകരിച്ചു. നിപ വൈറസ് ബാധിച്ചുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് നടന്ന സര്‍വ്വകക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.