കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ഭീതിയൊഴിയുന്നു. ഇന്നലെ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ച 16 സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി ആശുപത്രി ഐസോലേഷനില്‍ നിരീക്ഷണത്തില്‍ വയ്ക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ മൂന്ന് ദിവസത്തിന് ശേഷം വീട്ടില്‍ പോകണമെന്നുണ്ടെങ്കില്‍ വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമുണ്ടോ എന്ന് പരിശോധിച്ച് ഐസോലേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വീട്ടില്‍ തുടരാന്‍ അനുവദിക്കും. 12 പേരാണ് നിലവില്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഹൗസ് ടു ഹൗസ് സര്‍വ്വേയില്‍ കൂടുതല്‍ പേര്‍ കോണ്‍ടാക് ലിസ്റ്റിലേക്ക് ഇല്ല. ഇതോടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ എണ്ണം 256 ആയി തുടരും. അഞ്ച് ഫലങ്ങള്‍ കൂടിയാണ് ഇനി വരാനുള്ളത്.
സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം. സമ്പര്‍ക്ക പട്ടികയില്‍ 47 പേര്‍ മറ്റു ജില്ലകളില്‍ ഉള്ളവരാണ്. നിപയുമായി ബന്ധപ്പെട്ട് ഇതുവരെ 4995 വീടുകളില്‍ സര്‍വേ നടത്തി. 27536 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു. 44 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് താലൂക്കില്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ വാക്‌സീനേഷന്‍ പുനരാരംഭിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി മൃഗ സംരക്ഷണ വകുപ്പ് ശേഖരിച്ച അഞ്ച് സാമ്പിളുകള്‍ പരിശോധനക്ക് അയക്കാനും തീരുമാനമായി.