നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം

കോഴിക്കോട്: നിപ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കോഴിക്കോട് ഇന്ന് ഉന്നതലയോഗം ചേരും. യോഗത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അധ്യക്ഷയാകും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ് , എ കെ ശശീന്ദ്രന്‍ , അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ സര്‍വകക്ഷിയോഗവും, ജനപ്രതിനിധികളുടെ യോഗവും കളക്ടറേറ്റില്‍ ചേരുന്നുണ്ട്.

ജില്ലയിലെത്തിയ കേന്ദ്രസംഘം രോഗബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തും. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈല്‍ വൈറോളജി ലാബിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പരിശോധനക്ക് അയച്ച 11 സാമ്പിളുകള്‍ നെഗറ്റീവായത് ആശ്വാസമാണ്. ഇന്നലെ അയച്ച 30 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടികളാരംഭിച്ചു. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്.

കൂടാതെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്താന്‍ കെ.എം.എസ്.സി.എല്‍.ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

Top