പാലക്കാട്: സംസ്ഥാനത്ത് നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അതിര്‍ത്തികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യാനെത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പെടെയുള്ള ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകണം. മതിയായ രേഖകളില്ലാതെ വരുന്നവരെ മടക്കി അയയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു കോയമ്പത്തൂര്‍ കലക്ടര്‍ ഡോ.ജി.എസ്.സമീരന്‍ പറഞ്ഞു.
നിപ്പയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. താപപരിശോധനയില്‍ തുടങ്ങി 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ ഫലം, രണ്ട് വാക്‌സീനെടുത്തതിന്റെ സാക്ഷ്യപത്രം, തമിഴ്‌നാട്ടിലേക്കുള്ള ഇ-പാസ് തുടങ്ങിയ രേഖകളില്ലാത്തവര്‍ക്ക് മടങ്ങേണ്ടി വരുമെന്ന് കലക്ടര്‍ അറിയിച്ചു.
തമിഴ്‌നാട് റജിസ്‌ട്രേഷനിലുള്ള വാഹനങ്ങളുള്‍പ്പെടെ വാളയാറില്‍ നിന്ന് തിരിച്ചയച്ചു. വിട്ടുവീഴ്ചയില്ലാത്ത നടപടിക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെ അതിര്‍ത്തിയില്‍ നിയോഗിച്ചിട്ടുണ്ട്.