നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് തീയതി നീട്ടിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സംവിധായകന്‍ രംഗത്ത്. ചിത്രം ജൂണ്‍ 7 ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് ന്ന് ആഷിക് അബു അറിയിച്ചിരിക്കുന്നത്.
വൈറസ് ഒരു സര്‍വൈവല്‍ ത്രില്ലറാണെന്നും ഒരിക്കല്‍ നമ്മള്‍ അതിജീവിച്ചെന്നും ഇനിയും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും ചിത്രം ജൂണ്‍ ഏഴ് മുതല്‍ തീയേറ്ററുകളില്‍ ഉണ്ടാകുമെന്നും ആഷിക് അബു പ്രതികരിച്ചു.
‘കേരളത്തില്‍ നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെങ്കിലും നമുക്കെല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന വിധം വിദഗ്ദവും ശാസ്ത്രീയവുമായ നടപടികള്‍ ആണ് അധികാര കേന്ദ്രങ്ങള്‍ കൈ കൊള്ളുന്നത് എന്നത് ഏറെ ആശ്വാസകരമാണ്.
കഴിഞ്ഞ വര്‍ഷത്തെതിനേക്കാള്‍ നിര്‍ഭയരായി മന സാന്നിധ്യത്തോടെ ഈ സാഹചര്യത്തോട് പ്രതികരിക്കാന്‍ നമ്മള്‍ പൊതുജനത്തിന് സാധിക്കുന്നത് പരിചയസമ്പത്തുള്ള, കഴിവുറ്റ ഒരു ആരോഗ്യ വകുപ്പും വൈദ്യശാസ്ത്ര വിദഗ്ദരും നമുക്ക് ഉണ്ട് എന്ന ഉറപ്പിനാല്‍ തന്നെയാണ്. ഈ അവസരത്തില്‍ അവരോടുള്ള നന്ദിയും ആദരവും അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നിപ്പ ഭീതി വിതിച്ചപ്പോള്‍ നമ്മള്‍ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മള്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതല്‍ അറിഞ്ഞു, കൂടുതല്‍ സന്നാഹങ്ങള്‍ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോള്‍ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തില്‍ ഒരു അധ്യായമാണ് ആ പോരാട്ടം. വൈറസ് എന്ന സിനിമ ഈ പരിണാമത്തിന്റെ ചലചിത്ര ആവിഷ്‌കാരമാണ്. ആഷിഖ് അബു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.