നിപ; വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് വവ്വാലിന്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയില്‍ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യമന്ത്രി. ശരീര സ്രവങ്ങളിലൂടെ രോഗം പടരും. രോഗ ലക്ഷണം ഇല്ലാത്തവരില്‍ നിന്നും നിപ മറ്റൊരാളിലേക്ക് പടരില്ല. കോഴിക്കോട് ജില്ലയില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. വവ്വാല്‍ അല്ലാതെ മറ്റൊരു സസ്തനിയില്‍ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കുറ്റ്യാടി മേഖലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ പൊതുപരിപാടിക്ക് എത്തുന്നവര്‍ മാസ്‌ക് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കണ്ടയിന്‍മെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവര്‍ വയനാട്ടിലെ ജോലിക്കാര്‍ ആണെങ്കില്‍ യാത്ര ഒഴിവാക്കണമെന്നും കളക്ടര്‍ രേണുരാജ് അറിയിച്ചു.

അതേ സമയം, നിപ വൈറസ് ബാധയില്‍ കോഴിക്കോട് നിന്ന് ആശ്വാസ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് ആശുപത്രിയില്‍ നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് വിവരം. നിപ പ്രതിരോധത്തില്‍ കേരളം ശരിയായ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആശ്വാസ വാര്‍ത്ത.

അതേസമയം നിപ വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നിലയില്‍ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. എന്നാല്‍ ഏറ്റവും ഒടുവിലായി നിപ്പ സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകന് നിലവില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്.

Top