കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനയോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്‌ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ പരിശോധനഫലം രണ്ടു ദിവസത്തിനുള്ളില്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. അഞ്ചു പേരുടെ രക്ത സാമ്പിളുകളും ശരീര സ്രവവും ഇന്നാണ് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേയ്ക്ക് അയയ്ക്കുന്നത്. ഐസോലേഷന്‍ വാര്‍ഡില്‍ ഉള്ളവരെ കുറിച്ച് ആശങ്ക വേണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ കണ്‍ട്രോള്‍ റൂമിലെ പുതിയ നമ്പര്‍ 0484-2425200 ഇതാണ്.
വടക്കേഞ്ചേരി പഞ്ചായത്തിലെ പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും നിരീക്ഷണത്തിലുള്ളവര്‍ 21 ദിവസം ഒറ്റയ്ക്കു വീട്ടില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് കൊച്ചിയില്‍ എത്തിച്ചു. ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച ഹ്യൂമന്‍ മോണല്‍ ക്ലോണല്‍ ആന്റിബോഡിയാണ് എത്തിച്ചത്. ബന്ധുക്കളുടെ അനുമതിയോടെ മാത്രമാണ് മരുന്ന് രോഗിക്ക് നല്‍കുകയുള്ളൂ.
വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പനി ബാധിച്ച അഞ്ചു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേര്‍ രോഗിയായ വിദ്യാര്‍ത്ഥിയെ ചികിത്സിച്ച നഴ്‌സുമാരാണ്. പറവൂര്‍ സ്വദേശിയും യുവാവിന്റെ സഹപാഠിയും ചാലക്കുടിക്കാരനുമായ മറ്റൊരു യുവാവും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല.
സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തിലാണ്. പറവൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയിലാണ് നിപ ആദ്യം സ്ഥിരീകരിച്ചത്. ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. തൊടുപുഴയിലും, തൃശൂരിലും എറണാകുളത്തും പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിട്ടില്ല. എറണാകുളത്ത് നിപ്പയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.