നിപ വൈറസ് ബാധിതന്റെ രക്തസാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു

nipah 1

കൊച്ചി: കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ നിപബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ രക്തവും സ്രവങ്ങളും വീണ്ടും പരിശോധനയ്ക്ക് അയച്ചു. വൈറസ് സാന്നിധ്യം പൂര്‍ണ്ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ഫലം ഉച്ചയോടെ ലഭിക്കും.

അതേസമയം യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഇന്റര്‍കോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കടുത്ത പനി, തലവേദന, ശ്വാസതടസ്സം, നേരിയ തോതിലുള്ള സ്ട്രോക്ക് തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. നിപയാണെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതില്‍ ഇപ്പോഴും ഇയാള്‍ക്ക് പനിയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതാണ് ആശങ്ക ബാക്കി നിര്‍ത്തുന്ന കാര്യം. എങ്കിലും ആരോഗ്യനിലയില്‍ കാര്യമായ മാറ്റം ഇപ്പോള്‍ ഉണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്.

Top