കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്റെ സഹായത്തോടെ വിവിധ ഇടങ്ങളില്‍ ഇന്നും തുടരും. അധ്യയനവര്‍ഷം തുടങ്ങുന്നതിനാല്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും സജീവമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിപ വൈറസ് ലക്ഷണങ്ങളുമായി ഒരാളെ കൂടി പ്രവേശിപ്പിച്ചു. വിശദമായി പരിശോധനയ്ക്ക് രോഗിയുടെ സ്രവ സാംപിളുകള്‍ പുണെയിലേക്ക് അയ്ക്കും.
ആശുപത്രിയിലുളള ആറുപേരുടെ സ്രവപരിശോധനാഫലം വ്യാഴാഴ്ച ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവാവിനെ പരിചരിച്ച മൂന്ന് നഴ്സുമാര്‍ ഉള്‍പ്പടെയാണ് പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
അതേസമയം, നിപ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടു. യുവാവിന് ഇപ്പോള്‍ നേരിയ പനി മാത്രമേ ഉളളുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. രോഗി ഇപ്പോള്‍ ആഹാരം കഴിക്കുന്നുണ്ട്. പൂണെയില്‍ നിന്ന് ഹ്യൂമണ്‍ മോണോക്ലോണല്‍ ആന്റി ബോഡീസ് കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നിലവില്‍ നല്‍കേണ്ട സാഹചര്യമില്ല.