കോഴിക്കോട്: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്.
സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി അറിയിച്ചു. അതേസമയം മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തില്‍ ഇരുത്തും.
പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. റൂട്ടുമാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.