കോഴിക്കോട്: ജില്ലയില്‍ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങള്‍ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്‌ക് ലിസ്റ്റിലുള്ള 2 പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് രോഗലക്ഷണങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വവ്വാലുകളില്‍ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടര്‍ന്ന് ആദ്യം കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിപ കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമത്തിലൂടെ വിശദീകരിച്ചിരുന്നു. ആദ്യരോഗിക്ക് നിപ ബാധയേറ്റത് സമീപപ്രദേശങ്ങളില്‍ നിന്നുതന്നെയെന്ന് കണ്ടെത്തല്‍. നിപ ബാധിച്ച് മരിച്ച മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത് സമീപ പ്രദേശങ്ങളില്‍ നിന്നാണെന്ന് തെളിഞ്ഞത്.