കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ എയിംസില്‍ നിന്നുള്ള ആറംഗ മെഡിക്കല്‍ സംഘം എറണാകുളത്തെത്തി.
ആവശ്യമാണെങ്കില്‍ കൂടുതല്‍ വിദഗ്ധരെത്തുമെന്നും കളക്ടറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടായിരിക്കും ഇവരെല്ലാം പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്നും ഹര്‍ഷവര്‍ധന്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരത്തരുതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്കാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിട്ടുണ്ട്.
മൂന്നു പേര്‍കൂടി നിരീക്ഷണത്തിലാണ്. ഒരാളെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി. ചികിത്സയില്‍ ഉള്ള വിദ്യാര്‍ത്ഥിയുടെ സുഹൃത്തും രണ്ടു നഴ്സുമാരുമാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ടവേദനയുമുണ്ട്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശേധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്.