നിപ മരണം; കേന്ദ്രസംഘം കോഴിക്കോട് സന്ദര്‍ശനം നടത്തുന്നു

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം ചേരും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീമാണ് കോഴിക്കോട് എത്തിയത്.

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് എല്ലാ വിധ പിന്തുണയും കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട്. രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച ഒന്‍പതാം വാര്‍ഡ് അടച്ചു.

സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രദേശവാസികളോട് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.

 

Top