കോഴിക്കോട്: നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം ഇന്ന് വൈകീട്ടോടെയാണ് അവസാനിപ്പിച്ചത്.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി ജോലി നല്‍കാമെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശം സമരസമിതി അംഗീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മേയ് 22 മുതല്‍ 31 വരെ ഐസലേഷന്‍ വാഡില്‍ ജോലി ചെയ്തിരുന്ന 23 ജീവനക്കാര്‍ക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കാമെന്നതാണ് നിലവിലെ ധാരണ. സമരം തുടങ്ങി 15 ദിവസത്തിനു ശേഷമാണ് വിജയം കണ്ടത്.
മറ്റു ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാതിരുന്ന കാലത്ത് ജീവന്‍ പണയം വച്ച് ജോലി ചെയ്യാന്‍ തയാറായ 45 ജീവനക്കാരെയാണ് 2018 ഡിസംബര്‍ 31 ന് പിരിച്ചുവിട്ടത്. നോട്ടീസ് പോലും നല്‍കാതെയായിരുന്നു പിരിച്ചു വിടല്‍. ഇവരില്‍ 23 പേര്‍ക്കാണ് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക. മറ്റ് ജീവനക്കാരുടെ ജോലിയും നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരക്കാര്‍ വ്യക്തമാക്കി.