കൊച്ചി: നിപ്പ പൂർണമായും നിയന്ത്രണത്തിലാണെന്ന് ആരോഗ്യവകുപ്പ്. കൊച്ചിയിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനിൽ പറയുന്നു. മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ചികിത്സയിൽ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ആലപ്പുഴ, പുണെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പർക്കത്തിലായിരുന്നവരിൽ മൂന്നുപേർ കൂടി ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെതുടർന്ന് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 314 ആയി.
പൊതുജനങ്ങൾക്ക് നിപ്പയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്ന് ഡോ.ബാലമുരളി, പുണെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവർ ഇന്ന് ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂർ വടക്കേക്കര പഞ്ചായത്തില്‍ നിപ്പയെ തുടർന്ന് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.