Niranjan’s body in kerala- Tuesday – funeral

ബംഗളൂരു: പത്താന്‍കോട്ടിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പാലക്കാട് സ്വദേശിയായ എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ മൃതദേഹം കേരളത്തിലെത്തിച്ചു. ബംഗളൂരുവിലെ ജാലഹള്ളി എയര്‍ബേസില്‍ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മൃതദേഹം പാലക്കാട് എത്തിച്ചത്.

പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്തിറങ്ങിയ നിരഞ്ജന്റെ മൃതദേഹം വഹിക്കുന്ന ഹെലികോപ്റ്റര്‍ കാത്ത് രാഷ്ട്രീയ പ്രമുഖരടക്കം വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. ഇവിടെ നിന്നു റോഡ് മാര്‍ഗം നിരഞ്ജന്റെ സ്വദേശമായ എളമ്പുലാശേരിയില്‍ മൃതദേഹം എത്തിക്കും. ചൊവ്വാഴ്ച കെ.എ യുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വക്കും. ഉച്ചയ്ക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കും.

നേരത്തെ റോഡുമാര്‍ഗം എത്തിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നാട്ടിലെത്തിക്കാന്‍ വൈകുമെന്നതിനാലാണ് ആകാശമാര്‍ഗം സ്വീകരിച്ചത്. ബംഗളൂരുവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്ന മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടു ഡല്‍ഹിയില്‍ എത്തിച്ച നിരഞ്ജന്റെ മൃതദേഹം സഹോദരന്‍ എത്തിയായിരുന്നു ബംഗളൂരുവിലേക്ക് ഏറ്റുവാങ്ങിയത്.

പത്താന്‍കോട്ടിലെ എയര്‍ബേസ് ക്യാമ്പില്‍ ഞായറാഴ്ച രാവിലെ ഗ്രനേഡ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിലാണ് നിരഞ്ജന്‍ കുമാര്‍ കൊല്ലപ്പെട്ടത്. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശേരി കളരിക്കല്‍ രാജന്റെ മകനാണു നിരഞ്ജന്‍ കുമാര്‍. പുലാമന്തോള്‍ സ്വദേശി ഡോ. രാധികയാണു ഭാര്യ. രണ്ടു വയസുകാരി വിസ്മയ മകളാണ്. ഏറെക്കാലമായി ഇവരുടെ കുടുംബം ബംഗളൂരുവിലാണു താമസം.

Top