പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാതട്ടിപ്പ് : ജാമ്യം തേടി നീരവ് മോദി വീണ്ടും ലണ്ടനിലെ കോടതിയില്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനിലെ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷയില്‍ ജൂണ്‍ 11ന് വാദം കേള്‍ക്കുമെന്ന് ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് അറിയിച്ചു. 48-കാരനായ നീരവ് മോദി വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്.

കഴിഞ്ഞദിവസം നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതി തള്ളിയിരുന്നു. നീരവ് മോദിയുടെ റിമാന്‍ഡ് കാലാവധി ലണ്ടന്‍ കോടതി ജൂണ്‍ 27 വരെ നീട്ടുകയും ചെയ്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ഇന്ത്യക്ക് വിട്ടുനല്‍കിയാല്‍ ഏതുജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ജൂണ്‍ 27ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

മാര്‍ച്ച് 19നാണ് നീരവ് മോദിയെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്ത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി തട്ടിപ്പു നടത്തിയതാണ് മോദിക്കെതിരെയുള്ള കുറ്റം. നേരത്തെ സെന്‍ട്രല്‍ ബാങ്ക് ബ്രാഞ്ചില്‍ പുതിയ അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കോട്ലന്റ് യാര്‍ഡ് അറസ്റ്റ് ചെയ്ത കേസിലും നീരവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടന്ന നീരവ് മോദി, ലണ്ടന്‍ നഗരത്തില്‍ യാതൊരു നിയമ തടസ്സങ്ങളുമില്ലാതെ ആഢംബര ജീവിതം നയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ മോദിയെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് ബ്രിട്ടനെ സമീപിച്ചത്.

Top