ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്ര വ്യവസായി നീരവ് മോദി ലണ്ടനില്‍ ആര്‍ഭാഢ ജീവിതം നയിക്കുന്നതായി റിപ്പോര്‍ട്ട്. ബിനാമി പേരില്‍ ഇപ്പോഴും വജ്ര വ്യാപാരം തുടരുന്നതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍ വെസ്റ്റ് എന്‍ഡിലെ ആഡംബര കെട്ടിട സമുച്ചയമായ സെന്റര്‍ പോയിന്റ് ടവറിലാണ് നീരവ് മോദിയുടെ താമസം. ഇതിന്റെ വാടക ഒരു മാസം ഏകദേശം 17,000 യൂറോ (15 ലക്ഷം രൂപ) വരും. 72 കോടി രൂപയാണ് ഈ കെട്ടിടസമുച്ചയത്തിലെ ഒരു ഫ്‌ളാറ്റിന്റെ വില. എന്നാല്‍ അവിടെവെച്ച് നീരവുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിക്കുന്നില്ല എന്നാണ് വിവരം. ചോദ്യങ്ങള്‍ക്ക് ‘നോ കമന്റ്‌സ്’ എന്നാണ് അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ ദിവസം നീരവ് മോദിയുടെ മുംബയിലെ അലിബാഗിലെ കടലോര ബംഗ്ലാവ് റവന്യൂ അധികൃതര്‍ ഡയനമൈറ്റ് വച്ച് തകര്‍ത്തിരുന്നു. കടല്‍ത്തീരത്ത് കൈയേറ്റഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് തകര്‍ത്തത്.
13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നീരവിന്റെ ‘റൂപന്യ ബംഗ്ലാവ് കണ്ടുകെട്ടി വസ്തു റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ബംഗ്ലാവിന്റെ തൂണുകള്‍ തുരന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ചാണ് കെട്ടിടം തകര്‍ത്തത്.