ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,000 കോടി രൂപ വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് സ്ഥിരീകരണം. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനായി സിബിഐ ബ്രിട്ടന് അപേക്ഷ നൽകി. ബ്രിട്ടനിലെ ഇന്ത്യൻ എംബസി മുഖേന നീരവ് മോദിയെ വിട്ടുകിട്ടാനുള്ള രേഖകൾ കൈമാറിയതായി നേരത്തെ സിബിഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
രാജ്യം വിട്ടശേഷം യു.കെ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നീരവ് എത്തിയിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. വായ്പതട്ടിപ്പ് കേസിൽ നീരവ് മോദിയും അമ്മാവൻ മഹുൽ ചോക്സിയുമാണ് പ്രധാന പ്രതികൾ. കഴിഞ്ഞ ജനുവരി 16നാണ് ഇവർ രാജ്യംവിട്ടത്. കേസ് നിലനില്‍ക്കെ തന്നെ വിവിധ രാജ്യങ്ങളില്‍ രണ്ട് പ്രതികളും സഞ്ചരിച്ചിരുന്നു.
രാജ്യത്ത് നടന്ന ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് കേസിൽ നീരവ് മോദി, മെഹുൽ ചോസ്കി, മോദിയുടെ സഹോദരൻ നിഷാൽ എന്നിവർക്കെതിരെ സി.ബി.എ മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. സ്വത്ത് കണ്ടെകെട്ടലും മറ്റുമായി നീരവ് മോദി കേസില്‍ 260 റെയ്ഡുകളാണ് ഇത് വരെ സിബിഐ നടത്തിയത്.