അവസാന ശ്രമവും പാളി, നീരവ് മോദി ജയിലില്‍ തുടരും; ജീവനൊടുക്കുമെന്ന് ഭീഷണി

ലണ്ടന്‍: കടുത്ത വിഷാദ രോഗം അനുഭവിക്കുകയാണെന്ന് ചൂണ്ടികാണിച്ച് നീരവ് മോദി നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ നീരവ് മോദി രാജ്യം വിടാന്‍ സാദ്ധ്യതയുണ്ടെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജി തള്ളുകയായിരുന്നു. ഇത് അഞ്ചാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.

അതേസമയം, താന്‍ ജയിലില്‍ കഴിയുന്നത് സുരക്ഷിതമല്ലെന്നും തനിക്ക് ജയിലിനകത്ത് ക്രൂര മര്‍ദനം ഉണ്ടായെന്നും നീരവ് കോടതിയെ ധരിപ്പിച്ചു. തന്നെ ഇന്ത്യയിലേക്ക് അയക്കണമെന്നും അല്ലാത്തപക്ഷം സ്വയം ജീവന്‍ ത്യജിക്കുമെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു. എന്നാല്‍ നീരവിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ആലോചനയില്‍ ഉണ്ടെന്നും എന്നാല്‍ ഏത് ജയിലിലായിരിക്കും അദ്ദേഹത്തെ പാര്‍പ്പിക്കേണ്ടത് എന്ന ആശങ്കകള്‍ക്കുള്ള ഉത്തരം ഇന്ത്യ നല്‍കണം എന്നും ലണ്ടന്‍ കോടതി അറിയിച്ചു.

ലണ്ടന്‍ നിയമപ്രകാരം നാല് തവണയും കോടതി ജാമ്യം നിഷേധിച്ചാല്‍ പുതിയ കാരണം നിരത്തി മാത്രമേ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ കഴിയൂ. ഇത് ഉന്നംവച്ചാണ് നീരവ് ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിക്കുന്നതെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിയ നീരവ് ഇപ്പോള്‍ യു.കെയിലെ ജയിലിലാണ്. നവംബര്‍ 11 വരെ നീരവ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Top