തന്റെ മകളെ കൊന്നവര്‍ ഇപ്പോഴും രാജ്യത്ത് ജീവിച്ചിരിക്കുന്നു; മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന് ആശാ ദേവി

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും തന്റെ മകള്‍ക്ക് നീതി കിട്ടിയിട്ടില്ലെന്ന പരാതിയുമായി നിര്‍ഭയയുടെ അമ്മ. കേസിലെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. അവളെ പിച്ചിച്ചീന്തിയവര്‍ ഈ രാജ്യത്ത് ജീവിച്ചിരിക്കുന്നുവെന്നും, രാജ്യത്തെ നിയമസംവിധാനത്തിന്റെ തകര്‍ച്ചയാണിതെന്നും പെണ്‍കുട്ടിയുടെ അമ്മ ആശാ ദേവി പറയുന്നു.

2012 ഡിസംബര്‍ 16നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.ഡിസംബര്‍ 16ന് സിനിമ കണ്ട ശേഷം താമസസ്ഥലത്തേക്ക് മടങ്ങാന്‍ ബസ്സില്‍ കയറിയ നിര്‍ഭയയെ ബസ്സിലുണ്ടായിരുന്ന ആറ്പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 29ന് സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടി മരിച്ചു.

നിര്‍ഭയാ കേസിലെ കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പുനഃപ്പരിശോധനാ ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് കുറ്റവാളികളെ തൂക്കിലേറ്റുമെന്ന പ്രതീക്ഷയിലായിരുന്നു ആശാദേവി.

പെണ്‍കുട്ടികളെ അവര്‍ ദുര്‍ബലരല്ലെന്ന് പറഞ്ഞ് പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും, മാതാപിതാക്കള്‍ അവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നും ആശാദേവി പറയുന്നു.

Top