ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികളിലൊരാളായ അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ഈ മാസം ഒന്നിനാണ് അക്ഷയ് രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാല്‍ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തല്‍ ഹര്‍ജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹര്‍ജിയും സമര്‍പ്പിച്ചു.
ദയാഹര്‍ജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം ഉപയോഗിച്ച് പ്രതികള്‍ ഓരോരുത്തരായി ദയാഹര്‍ജി സമര്‍പ്പിച്ചു. നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാന്‍ എന്ന് കൂടി നിര്‍ദ്ദേശമുള്ളതിനാല്‍ ഇത് ഫലത്തില്‍ എല്ലാ പ്രതികള്‍ക്കും ഗുണം ചെയ്തു.
മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാര്‍ ദയാര്‍ഹര്‍ജി സമര്‍പ്പിച്ചു. ഇത് തള്ളപ്പെട്ടതോടെയാണ് അക്ഷയ് താക്കൂര്‍ ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.