ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധ ശിക്ഷ നാളെ നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. കേസില്‍ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അഞ്ച് ജഡ്ജിമാര്‍ ചേര്‍ന്നാകും ഹര്‍ജി ചേംബറില്‍ പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും തള്ളിയതാണ്. എന്നാല്‍ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂര്‍ രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.
നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും. അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും ദയാഹര്‍ജിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.