ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ ദയാഹര്‍ജി ഉടന്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതി വിനയ് ശര്‍മ രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി.
താന്‍ ദയാഹര്‍ജി നല്‍കിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജി താന്‍ ഒപ്പുവച്ചത് അല്ലെന്നും അതിനാല്‍ അത് പിന്‍വലിക്കണമെന്നുമാണ് വിനയ് ശര്‍മ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
നിര്‍ഭയ കൂട്ടബലാത്സംഗകേസിലെ രണ്ടാം പ്രതിയായ വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും ദയാഹര്‍ജി ഡല്‍ഹി സര്‍ക്കാരും തള്ളിയിരുന്നു.
രാഷ്ട്രപതി കൂടി ദയാഹര്‍ജി തള്ളിയാല്‍ പ്രതികളെ തൂക്കിക്കൊല്ലാനുള്ള വാറണ്ട് പുറപ്പെടുവിക്കും. അടുത്ത തിങ്കളാഴ്ചയാണ് വിചാരണ കോടതി ദയാഹര്‍ജിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത്.
2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളും തീഹാര്‍ ജയിലില്‍ തുടരുകയാണ്.