വധശിക്ഷ ജീവപര്യന്തമാക്കണം; പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സുപ്രീം കോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.വധശിക്ഷ, ജീവപര്യന്തം തടവാക്കി കുറയ്ക്കണമെന്നാണ് പവന്‍ ഹര്‍ജിയില്‍ ആവശ്യം. തൂക്കിലേറ്റുന്നതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തിരുത്തല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ പവന്‍ ഗുപ്ത ആദ്യമാണ് തിരുത്തല്‍ ഹര്‍ജി നല്‍കുന്നത്.ഇതു തള്ളിയാലും ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കാനുള്ള അവസരം കൂടി പവന്‍ഗുപ്തക്കുണ്ട്.

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് ഫെബ്രുവരി 17ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളായ വിനയ്, മുകേഷ്, പവന്‍, അക്ഷയ് എന്നീ നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top