ന്യൂഡല്‍ഹി: വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളായ അക്ഷയ് കുമാര്‍ സിങ്ങും പവന്‍ കുമാര്‍ ഗുപ്തയും ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ മാര്‍ച്ച് രണ്ടിനുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ തിഹാര്‍ ജയില്‍ അധികൃതര്‍ക്കു നോട്ടീസ് നല്‍കി. രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തീര്‍പ്പാക്കിയിട്ടില്ലെന്ന്, അഭിഭാഷകന്‍ എ.പി. സിങ് മുഖേന നല്‍കിയ ഹര്‍ജിയില്‍ അക്ഷയ് കുമാര്‍ സിങ് വാദിച്ചു.
താന്‍ നല്‍കിയ പിഴവു തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നു കാട്ടിയാണ് പവന്‍ കുമാര്‍ ഗുപ്ത ഹര്‍ജി നല്‍കിയത്. അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25), മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് നടപ്പാക്കാനിരിക്കെയാണ് പ്രതികള്‍ വീണ്ടും ഹര്‍ജി നല്‍കിയിരിക്കുന്നത്.