കാത്തിരിപ്പിന് വിരാമം; നിര്‍ഭയകേസ് പ്രതികള്‍ ജനുവരി 22ന് തൂക്ക് കയറിലേയ്ക്ക്

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രിതികളുടെ മരണവാറന്റ് പുറപ്പെടുവിച്ചു.വധശിക്ഷ ജനുവരി 22ന് 7മണിക്ക് നടപ്പാക്കും. 7 വര്‍ഷത്തിന് ശേഷമാണ് കേസിലെ വിധി നടപ്പാക്കുന്നത്.

മരണ വാറണ്ട് പട്യാല കോടതിയാണ് പുറപ്പെടുവിച്ചത്. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മയുടെ ഹര്‍ജിയിലാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.

2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.

ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top