മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് വിനയ് ശര്‍മ നല്‍കിയ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: മാനസിക പ്രശ്‌നമുണ്ടെന്നും ചികിത്സ വേണമെന്നും അവകാശപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പ്രതിക്ക് ജയിലില്‍ വൈദ്യസഹായവും മനഃശാസ്ത്രജ്ഞന്റെ സേവനവും ലഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് ഉത്കണ്ഠയും വിഷാദവും ഉണ്ടാവുക സ്വാഭാവികമാണെന്നും കോടതി അഭിപ്രായപ്പെട്ടു. വിനയ് ശര്‍മയ്ക്ക് സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം സ്‌കീസോഫ്രീനിയ ബാധിച്ചിട്ടുണ്ടെന്നും തലയ്ക്കും കൈക്കും പരിക്കേറ്റുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, അയാള്‍ക്ക് യാതൊരു മാനസിക പ്രശ്‌നങ്ങളുമില്ലെന്ന റിപ്പോര്‍ട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സ്വയം പരിക്കേല്‍പ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. അതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കി. നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട വിനയ് ശര്‍മ്മയ്ക്ക് വധശിക്ഷ ഒഴിവാക്കുന്നതിനുള്ള നിയമപരമായ എല്ലാ സാധ്യതകളും അടഞ്ഞിരുന്നു. പിന്നാലെയാണ് മാനസിക പ്രശ്‌നമുണ്ടെന്ന വാദവുമായി വീണ്ടും കോടതിയെ സമീപിക്കാന്‍ നീക്കം നടത്തിയത്. നിര്‍ഭയ കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കൊപ്പം വിനയ് ശര്‍മയെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്ക് തൂക്കിലേറ്റും.

Top