തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ കോടതിയില്‍

ഡല്‍ഹി:തിഹാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ നിര്‍ഭയ കേസ് പ്രതികള്‍ തീസ് ഹസാരി കോടതിയെ സമീപിച്ചു. ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറുന്നില്ലെന്നാരോപിച്ചാണ് പ്രതികളായ പവന്‍ ഗുപ്തയും അക്ഷയ് താക്കൂറും പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അഭിഭാഷകനായ എപി സിംഗ് മുഖേനെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പട്യാല കോടതി ശനിയാഴ്ച പരിഗണിക്കും. കേസിലെ രണ്ട് പ്രതികളായ വിനയ് കുമാര്‍ ശര്‍മയും മുകേഷ് സിങ്ങും സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.

അതേസമയം, വധശിക്ഷയെ ചോദ്യം ചെയ്ത് ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന വിശ്വാസം വച്ചു പുലര്‍ത്താന്‍ പ്രതികളെ അനുവദിക്കരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടു. അംറോഹ കൊലപാതകക്കേസില്‍ വധശിക്ഷയ്‌ക്കെതിരായ പുന:പരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു പരാമര്‍ശം. കോടതിവ്യവഹാരം അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Top